മണി മടങ്ങി വന്ന വഴി
1996 ൽ ആരംഭിച്ച കോളേജിന്റെ ആദ്യ ബാച്ച് വിദ്യാർത്ഥികളുടെ ഒത്തുചേരല്‍ തൊടുപുഴ മാടപ്പറമ്പ് റിസോര്‍ട്ടില്‍ നടന്ന വേളയിലാണ് സംഭവം. അന്നത്തെ പ്രിന്‍സിപ്പല്‍ പ്രൊഫ. പി വി ആന്റണിയടക്കം പത്ത് അധ്യാപകരും നൂറോളം പൂര്‍വവിദ്യാർത്ഥികളും ഓര്‍മകൾ പങ്കുവെച്ചു. അതിനിടെ പരിപാടി നിയന്ത്രിച്ചിരുന്ന അനുരാധ, മൈക്ക് പൂര്‍വവിദ്യാർത്ഥി മിഥുന് കൈമാറി. കോളേജിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഇവിടെ പറഞ്ഞുകേട്ടതിനാൽ അതിനാല്‍ ഒരു ഉപഹാരം സമ്മാനിക്കാനായി മൂന്നുപേരെ വേദിയിലേക്ക് ക്ഷണിക്കുന്നെന്ന് മിഥുൻ പറഞ്ഞു. ഏറ്റുവാങ്ങാനായി ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഡോ. വി ജി ഗീതമ്മയെയും വിളിച്ചു. മൂവരും ഒരു പൊതിയുമായി വേദിയിലെത്തി. 'പണ്ട് കോളേജില്‍നിന്ന് എടുത്ത മണിയാണ് ഈ പൊതിയില്‍. അത് കോളേജിന് തിരികെ നല്‍കുകയാണെന്ന്' ഇവര്‍ വെളിപ്പെടുത്തി. ലോഹത്തിൽ നിർമിച്ച ഈ അപൂർവ ആ ഉപഹാരം പ്രിന്‍സിപ്പല്‍ ഗീതമ്മ അന്നത്തെ പ്രിന്‍സിപ്പല്‍ ആന്റണിക്ക് കൈമാറി.
advertisement
'ഒന്നാംപ്രതി' കണ്ണൂർ സ്വദേശി പ്രദീപ് ജോയി സംഭവം വേദിയിൽ ഏറ്റുപറഞ്ഞു. അന്നത്തെ വിദ്യാർത്ഥികൾക്ക് കോളേജില്‍ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കിയ സാധനമായിരുന്നു ഈ മണിയത്രെ. ഒരിക്കല്‍ താമസിച്ച് എത്തിയപ്പോള്‍ ക്ലാസില്‍ കയറ്റിയില്ല. ഈ മണി കാരണമല്ലേ എന്തുകൊണ്ട് താമസിച്ചുപോയി എന്നതിന് വിശദീകരണം നല്‍കേണ്ടിവന്നത് എന്നായി അന്നത്തെ ഭാവി എൻജിനീയർമാരുടെ കണ്ടുപിടിത്തം. അതിന് അവർ പ്രതികാരംചെയ്തത് മണി അടിച്ചുമാറ്റിക്കൊണ്ടായിരുന്നു. അന്നുമുതല്‍ കഴിഞ്ഞ ദിവസംവരെ കണ്ണൂരിലെ വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചു. എന്നെങ്കിലും തിരികെ നല്‍കണമെന്നും കരുതിയിരുന്നു എന്നാണ് പ്രദീപ് ജോയി പറഞ്ഞത്.
കൂട്ടുപ്രതികളുടെ പേരും പ്രദീപ് വെളിപ്പെടുത്തി.എന്തായാലും കോളേജിന്റെ മണി മോഷ്ടിച്ച സംഘത്തോട് ക്ഷമിച്ചിരിക്കുന്നുവെന്ന് 'വിശാല ഹൃദയനായ' അന്നത്തെ പ്രിന്‍സിപ്പല്‍ ആന്റണി അറിയിച്ചതോടെ കേസ് തീര്‍പ്പായി. വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ച് പൂര്‍വ വിദ്യാർത്ഥികളായ വിനീത് സൈമണ്‍, അരുണ്‍ ടി, മിഥുന്‍, അധ്യാപകരായ ഡോ. പി സി നീലകണ്ഠന്‍, പി എം സിബു, ബിന്ദു ബേബി, ബി ലതാകുമാരി എന്നിവരും ഓര്‍മകള്‍ പങ്കുവെച്ചു.
പക്ഷേ, അന്ന് ബുദ്ധിപരമായി നടത്തിയ മോഷണം കൊണ്ട് ഫലമുണ്ടായില്ല. പിറ്റേന്നുതന്നെ കോളേജില്‍ ഇലക്ട്രിക് ബെല്‍ സ്ഥാപിച്ചു എന്നതും ചരിത്രം.