ഏത് കോടതിയാണ് പ്രതികളെ വെറുതെ വിട്ടതെന്നാണ് പ്രഭാവതിയമ്മ മാധ്യമങ്ങളോട് ചോദിച്ചത്. ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത തനിക്കിനി എങ്ങനെ നിയമ പോരാട്ടം തുടരുമെന്നുമാണ് അവർ ചോദിച്ചത്. അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഒന്നാം പ്രതിക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉൾപ്പെടെ റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്.
'ഏത് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്? എന്നെ കൂടി ഈ കോടതി കൊന്നുകളയാത്തെന്ത്... കോടതിക്ക് ഹൃദയമില്ലേ? എന്നെക്കൂടി കൊന്നുകളയൂ. അടുത്ത് ആരെ കൊല്ലാൻ വേണ്ടിയാണ് ഈ പ്രതികളെ വെറുതെ വിട്ടത്. അടുത്ത നിയമനടപടിയ്ക്ക് പോകാൻ ഒരു നിവൃത്തിയുമില്ല.
advertisement
എനിക്കിനി ആരെയും വിശ്വസിക്കാൻ കഴിയില്ലെന്നും, ഇനി ആര് എന്നെ സഹായിക്കുമെന്ന് അറിയില്ല. മകന് നീതി ലഭിക്കാനായി എല്ലാ രാഷ്ട്രീയക്കാരുടെയും സഹായം നല്‍കിയിരുന്നു.'- പ്രഭാവതിയമ്മ പറഞ്ഞു.
കേസിൽ എസ്പി, ഡിവൈഎസ്പി, എഎസ്ഐ, സിപിഒ എന്നിവര്‍ പ്രതികളായിരുന്നു. ഒന്നാം പ്രതി എഎസ്ഐ കെ ജിതകുമാർ, രണ്ടാം പ്രതി സിപിഒ എസ് വി ശ്രീകുമാർ എന്നിവർക്കാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നത്. 2018ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്.
2005 സെപ്റ്റംബർ 27നു തിരുവനന്തപുരം നഗരത്തിലെ പാർക്കിൽനിന്നു മോഷണക്കേസ് പ്രതിയോടൊപ്പം കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാർ (28) തുടയിലെ രക്തധമനികൾ പൊട്ടി രാത്രി പത്തരയോടെയാണു മരിച്ചത്. മോഷണം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. 4000 രൂപ ഉദയകുമാറിൻ്റെ കയ്യിലുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഉദയകുമാറിനെ മർദിച്ച് കൊലപ്പെടുത്തിയത്. ആറു പൊലീസുകാരായിരുന്നു കേസിലെ പ്രതികൾ.
തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി കൊന്നുവെന്നാണു സിബിഐയുടെ കണ്ടെത്തൽ. ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി ഉദയകുമാരിന്റെ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 2008 ഓഗസ്റ്റിലാണു സിബിഐ ഏറ്റെടുത്തത്.