വയനാട്ടിലെ ആദിവാസി യുവാവ് മാനു
നീലഗിരി ജില്ലയിലെ മെഴുകന്‍മൂല ഉന്നതിയില്‍ താമസിക്കുന്ന മാനു (46) ആണ് കാട്ടാന ആക്രമണത്തില്‍ നൂല്‍പ്പുഴയില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി എട്ടോടെ ജോലികഴിഞ്ഞ് തറവാട്ടുവീട്ടിലേക്ക് സാധനങ്ങളുംവാങ്ങി വരുന്നവഴിയിലായിരുന്നു ആന ആക്രമിച്ചത്. വീടിന് ഇരുനൂറുമീറ്ററോളം അകലെയുള്ള വയലിലാണ് മൃതദേഹം കണ്ടത്. ആനയുടെ കൊമ്പ് ശരീരത്തിലാഴ്ന്ന് ആന്തരികാവയവങ്ങള്‍ പുറത്തുവന്നനിലയിലായിരുന്നു. ഈ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് വയനാട്ടില്‍ കഴിഞ്ഞദിവസം അരങ്ങേറിയത്. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റുന്നത് നാട്ടുകാർ മണിക്കൂറുകളോളം തടഞ്ഞു. സംസ്കാരം വെള്ളരി ഊരിൽ നടത്തി. ചന്ദ്രികയാണ് ഭാര്യ. സ്കൂൾ വിദ്യാർത്ഥിനികളായ ബിപിന, സംഗീത, രണ്ടുവയസുകാരി സനീഷ എന്നിവർ മക്കളാണ്.
advertisement
തിരുവനന്തപുരം പാലോട്ടെ ബാബു
ബാബുവിന്റെ മൃതദേഹം കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലെ അടിപറമ്പ് ഇടുക്കുംമുഖം മേഖലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വീട്ടിൽ നിന്നുപോയ ബാബു ശനിയാഴ്ചയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിൽ നിന്ന് 6 കി.മീ. അകലെ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കാട്ടാന ആക്രമണത്തിന്റെ മുറിവുകൾ ശരീരത്തിലുണ്ട്. ചൊവ്വാഴ്ച വൈകിട്ട് സംസ്കാരം നടത്തി. ഭാര്യ: ശോഭന.
ഇടുക്കി പെരുവന്താനത്തെ സോഫിയ
ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിൻ്റെ മൃതദേഹം സംസ്കരിച്ചു. തിങ്കളാഴ്ച വൈകിട്ട് 6 മണിയിടെയാണ് ചേന്നപ്പാറ പുത്തൻ വീട്ടിൽ ഇസ്മായിലിന്റെ ഭാര്യ സോഫിയ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ പുലർച്ചെ ഒരു മണിയോടെ ജില്ലാ കളക്ടർ സ്ഥലത്ത് എത്തിയ ശേഷമാണ് മൃതദേഹം സംഭവസ്ഥലത്തു നിന്നും സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.
വയനാട് അട്ടമലയിലെ ബാലൻ
വയനാട് അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. അട്ടമല ഗ്ലാസ് ബ്രിഡ്ജിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് പുറംലോകം അറിഞ്ഞത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് സമീപമുള്ള സ്ഥലമാണ് അട്ടമല. ഉരുൾപൊട്ടലിന് ശേഷം ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണെന്ന് അധികൃതരെ അറിയിച്ചിട്ടും, വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് പുലിയുടെ ശല്യവും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ ബാലന്റെ രണ്ട് പശുക്കളെ പുലി ആക്രമിച്ചിരുന്നു.