സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിനാണ് അനന്തകൃഷ്ണനും ആഞ്ചലോ ജോര്‍ജിനുമെതിരെ നടപടി. മേഖലാ ക്യാമ്പിനെതിരെ വാജ്യവാര്‍ത്ത പ്രചരിപ്പിക്കാന്‍ സഹായിച്ചെന്നും മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയെന്നുമാണ് ഇവര്‍ക്ക് രണ്ടുപേര്‍ക്കും നല്‍കിയ നോട്ടീസിലുള്ളത്. ഇവരുടെ പ്രവര്‍ത്തനം സംസ്ഥാന കമ്മിറ്റിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും എന്‍ എസ് യു ഐ ദേശീയ സെക്രട്ടറി ബിരു സമ്പത്ത് കുമാര്‍ അറിയിച്ചു.
ക്യാമ്പില്‍ അനാവശ്യ കലഹമുണ്ടാക്കിയെന്നാണ് അല്‍ അമീന്‍ അഷറഫിനെതിരേയും ജെറിന്‍ ആര്യനാടിനെതിരേയുമുള്ള ആരോപണം. അന്വേഷണവിധേയമായാണ് ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനാതല അന്വേഷണം നടത്തും.
advertisement
കഴിഞ്ഞ ദിവസം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ക്യാമ്പിനിടെയാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പരിക്കേറ്റ കെ എസ് യു പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്, നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്ത് എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. വാട്‌സാപ്പ് ഗ്രൂപ്പിലെ തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു കെ എസ് യു നേതൃത്വത്തിന്റെ വിശദീകരണം.
സംഭവം അന്വേഷിക്കാന്‍ കെപിസിസി മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കെപിസിസി ഭാരവാഹികളായ പഴകുളം മധു, എം എം നസീര്‍, എ കെ ശശി എന്നിവരാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.
കര്‍ശന നടപടി വേണമെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ക്യാമ്പില്‍ നടന്നത് ഗുരുതര അച്ചടക്കലംഘനമാണെന്നും ഇങ്ങനെയൊരു പരിപാടി കെപിസിസിയെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷം ഒഴിവാക്കേണ്ട മുതിര്‍ന്ന നേതാക്കള്‍ പോലും സംഘര്‍ഷത്തിന്റെ ഭാഗമായെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.