ഏതാനും വർഷം മുമ്പാണ് വിജിത്ത് പൂജപ്പുരയിലെ സംഘം ഓഫീസിൽ എത്തിയത്. ചെറിയ വരുമാനമുള്ള ഒരു ജോലിയും തല ചായ്ക്കാൻ ഒരിടവും കൊടുക്കണമെന്ന അഭ്യർത്ഥനയുമായി ജുവനൈയിൽ ഹോമിലെ കെയർടേക്കർ രഞ്ജിത്ത് ഒരു ചെറുപ്പക്കാരനെയും കൂട്ടി അവിടെ കയറിച്ചെല്ലുകയായിരുന്നു. വിജിത്ത് എന്ന ആ ചെറുപ്പക്കാരന് ആകെയുണ്ടായിരുന്ന മുത്തശ്ശിയും വിടവാങ്ങിയതിനെത്തുടർന്ന് ജീവിതം വഴിമുട്ടിയ നിലയിലായപ്പോഴാണ് രഞ്ജിത്ത് സഹായവുമായി മുന്നോട്ടുവന്നത്.
വിജിത്തിൻ്റെ അവസ്ഥ ആ സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിലുള്ളവരുടെ മനസ്സലിയിച്ചു. എല്ലാവരും കൂടിയാലോചിച്ച് സംഘം ഓഫീസിൽ താല്ക്കാലികമായി ഒരു ചെറിയ ജോലിയും അവിടെത്തന്നെ താമസസൗകര്യവും ഏർപ്പാടാക്കി. മാന്യമായ പെരുമാറ്റവും തൊഴിലിനോടുള്ള ആത്മാർത്ഥതയും അധികം വൈകാതെ വിജിത്തിനെ ഏവരുടെയും പ്രിയങ്കരനാക്കി. ആ സഹകരണസംഘം അവന് വീടായി, അവിടുള്ളവർ അവൻ്റെ വീട്ടുകാരും.
advertisement
വിജിത്തിനൊരു ജീവിതമുണ്ടാകണ്ടേ എന്ന ചിന്ത അവിടുള്ളവരുടെ മനസ്സിലുണ്ടായി. ഒരു ബോർഡ് യോഗത്തിൽ അജണ്ട അവസാനിച്ച ശേഷം അദ്ധ്യക്ഷനായ ഷിബു അനൗദ്യോഗികമായി ഈ വിഷയം ചർച്ചയിലേക്ക് കൊണ്ടുവന്നു. അവനൊരു വീടുവെയ്ക്കാൻ സംവിധാനമുണ്ടാക്കണം. സുമനസ്സുള്ള ആരെങ്കിലും സ്ഥലം നൽകിയാൽ ഒരു വീടുവെയ്ക്കാനുള്ള സംവിധാനം നമുക്കുണ്ടാക്കാനാവുമെന്ന് ചൂണ്ടിക്കാട്ടി.
ആശങ്കയോടെയാണ് പറഞ്ഞതെങ്കിലും ബോർഡ് അംഗമായ ഒരു വനിത അത് വളരെ ഗൗരവമായി തന്നെ കണ്ടു. ഏവരെയും അതിശയിപ്പിച്ചുകൊണ്ട് അവനു ഭൂമി നൽകാനുള്ള സന്നദ്ധത അവർ ബോർഡിനെ അറിയിച്ചു. ഇതിൻ്റെ പേരിൽ തനിക്ക് പബ്ലിസിറ്റി വേണ്ട എന്നു മാത്രമായിരുന്നു അവരുടെ ആവശ്യം. പിന്നീടുള്ള നടപടികൾ എല്ലാം വളരെ വേഗത്തിലായിരുന്നു. സ്ഥലം അളന്നുമാറ്റലും വഴിയിടലും എല്ലാം പൂർത്തിയാക്കി. ആധാരം രജിസ്റ്റർ ചെയ്തു.
അതിനു ശേഷം വീട് എന്ന സ്വപ്നവും ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. അതിനാണ് വ്യാഴാഴ്ച കല്ലിട്ടത്. കല്ലിടുമ്പോൾ അതിനൊപ്പം ഒരു നുള്ള് സ്വർണം വെയ്ക്കുന്ന പതിവനുസരിച്ച് അതു കൊടുത്തത് ഭൂമി നല്‍കിയ വനിതാ ബോർഡംഗത്തിൻ്റെ അച്ഛൻ.
വിജിത്തിന് വീടൊരുക്കുന്ന പ്രവർത്തനങ്ങൾ കേരള എൻ.ജി.ഒ. യൂണിയന്‍, കെ.ജി.ഒ.എ. നേതൃത്വം കൊടുക്കുന്ന ഭരണസമിതിയാണ് നിർവ്വഹിക്കുക. തറക്കല്ലിടല്‍ ചടങ്ങിന് എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഗോപകുമാര്‍, സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബര്‍ട്ട്, ജില്ലാ പ്രസിഡന്റ് ജി. ഉല്ലാസ് കുമാർ എംപ്ലോയീസ് സംഘം ഭാരവാഹികളായ എസ്. ഷിബു, സി. സതീഷ് സത്യനേശന്‍, വേണുനായര്‍ ആർ., ചിത്ര ടി. എന്നിവര്‍ നേതൃത്വം നല്‍കി. വളരെ വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാനാണ് യൂണിയൻ്റെ പരിപാടി.
