ഡി 1 വഴി എ സി കംപാർട്ട്മെന്റിലേക്ക് നടക്കുമ്പോൾ ഒരു കരച്ചില്‍ കേട്ടു. ഒരു കൈ കണ്ടതോടെ ഉഷ അതിൽ ചാടിപ്പിടിച്ചു. ഉറക്കെ അലറിവിളിച്ചു. അതുകേട്ട് മറ്റുചിലരും ഓടിയെത്തി. ഇതിനിടെ അതിലൊരാളുടെ സഹായത്തോടെ ട്രെയിനിൽ നിന്ന് വീഴാനൊരുങ്ങിയയാളെ വലിച്ചുകയറ്റി. മഹാരാജാസ് കോളേജിലെ രണ്ട് അധ്യാപകർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതും തുണയായി. വഞ്ചിനാട് എക്സ്പ്രസ് സ്റ്റേഷനിൽ നിന്നെടുക്കുമ്പോൾ എസി കംപാർട്മെന്റിലേക്കു ചാടിക്കയറാൻ ശ്രമിച്ചയാളാണ് അപകടത്തിൽപെട്ടത്. ഇയാളെ ടിടിഇയുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ ഇറക്കിയതിനു ശേഷമാണു ട്രെയിൻ യാത്ര തുടർന്നത്. ടിക്കറ്റ് ഇല്ലാത്തതിനാൽ ടിടിആർ തൃപ്പൂണിത്തുറയിൽ ഇറക്കിവിട്ട ഇതരസംസ്ഥാനക്കാരനായിരുന്നു അത്ഭുതകരമായി രക്ഷപ്പെട്ടത്.
advertisement
തൃപ്പൂണിത്തുറയിൽനിന്ന് ട്രെയിൻ വിട്ടപ്പോൾ ചാടിക്കയറാൻ നോക്കിയതാകാം അപകടകാരണം. കാലിന് പരിക്കേറ്റ ആളെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെ പ്രാഥമികചികിത്സയ്‌ക്കുശേഷം എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകരായ ഡോ. സുമി ജോയ് ഒലിയപ്പുറവും ഡോ. സന്തോഷ് ടി വർഗീസുമാണ് ആദ്യം ഓടിയെത്തിയത്. ഇരുവരും പരിശീലനത്തിനായി തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു. ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയത് സന്തോഷാണ്. സുഹൃത്തിന്റെ അവസരോചിത ഇടപെടലിന് നന്ദി പറഞ്ഞ് ഡോ. സുമി എഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
എസ് എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷന് സമീപത്തെ തറയപറമ്പിൽ ലെയ്‌നിലെ തേജസിലാണ് ഉഷയുടെ താമസം. വിഎൽസിസിയിൽ ന്യൂട്രീഷൻ ഫാക്കൽറ്റിയാണ്. ആഴ്ചയിലൊരിക്കൽ തിരുവനന്തപുരം ചിറയിൻകീഴിലെ ക്ലിനിക്കിലും സേവനം ചെയ്യുന്നുണ്ട്. ടി സുരേഷ്ബാബുവാണ് ഉഷയുടെ ഭർത്താവ്. ഏക മകൻ വിഷ്ണുവും കുടുംബവും ഹൈദരാബാദിലാണ്.