വ്യക്തിജീവിതത്തിൽ എൻഎസ്എസ് വഹിച്ച പങ്കിനെ കുറിച്ച് പറഞ്ഞാണ് ആനന്ദ ബോസ് സംസാരിച്ചു തുടങ്ങിയത് . പിന്നീട് എന്‍എസ്എസ് നേതൃത്വത്തിനെതിരെ കടുത്ത ഭാഷയില്‍ വിമർശനം ഉന്നയിച്ചു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിക്കാത്തത് ചൂണ്ടിക്കാട്ടിയാണ്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പേരെടുത്ത് പറയാതെയുള്ളത് വിമര്‍ശനം.
ബംഗാൾ ഗവർണറായി ചുമതലേയല്‍ക്കുന്നതിന് മുമ്പായിരുന്നു ആനന്ദബോസ് പെരുന്നയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഗവര്‍ണറായി നിശ്ചയിച്ച വിവരം അറിയിച്ചതിന് പിന്നാലെ, ഈ വിവരം താന്‍ ആദ്യം പങ്കുവെച്ചവരിലൊരാള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായിരുന്നു. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പെരുന്നയിലെത്തിയ തന്നെ ജനറൽ സെക്രട്ടറി സ്വീകരിക്കുകയും ചായ നല്‍കുകയും കാറിന്റെ വാതില്‍ തുറന്ന് യാത്രയാക്കുകയും ചെയ്തു. എന്നാല്‍, മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നും അവിടെ പ്രവേശിക്കാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും ആനന്ദബോസ് വ്യക്തമാക്കി.
advertisement
എല്ലാ നായര്‍ക്കും അവകാശപ്പെട്ടതാണ് മന്നം സ്മാരകം. ഒരാള്‍ക്ക് മാത്രമാണോ കുത്തകാവകാശം. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നും ആനന്ദബോസ് പറഞ്ഞു. അവഗണനയ്ക്ക് പരിഹാരമായി എൻ എസ് എസ് സ്ഥാപകനായ മന്നത്ത് പത്മനാഭന്‍റെ സ്മാരകം ഡൽഹിയിൽ നിർമിക്കണമെന്ന ആശയമാണ് ആനന്ദബോസ് മുന്നോട്ട് വച്ചത്. ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകാമെന്നും ഗവർണര്‍ അറിയിച്ചു.
ആരോപണം തള്ളി എൻഎസ്എസ്
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ലെന്ന സി വി ആനന്ദബോസിന്‍റെ ആരോപണം എന്‍എസ്എസ് തള്ളി. അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് എന്‍എസ് എസ് നേതൃത്വം. ആനന്ദബോസിന്റെ ആരോപണത്തിന്റെ അടിസ്ഥാനം എന്തെന്ന് അറിയില്ലെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
എൻഎസ്എസ് ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ്
ഈ ഫോട്ടോകൾ കഥ പറയും. വളരെ വിചിത്രമായ ഒരു വിവാദവുമായി പെരുന്നയിലെ മന്നത്താചര്യന്റെ സമാധി മണ്ഡപത്തേക്കുറിച്ച് ഇപ്പോൾ വന്നിരിക്കുന്നു. അതായത് മുൻപെങ്ങോ ബംഗാളിന്റെ ഗവർണർ പെരുന്ന സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് പെരുന്നയിലുള്ളവർ സമാധി സ്ഥലം സന്ദർശിക്കാൻ സാഹചര്യം ഒരുക്കിയില്ലെന്നാണ് വിവാദം. ഈ മാന്യദേഹം അവിടെ എത്തിയപ്പോൾ അദ്ദേഹത്തെ യഥാവിധി സ്വാഗതം ചെയ്യുകയും, അരമണിക്കൂറോളം കൂടിക്കാഴ്ച നടക്കുകയും, ചില പുസ്തകങ്ങൾ പരസ്പരം കൈമാറുകയും, ഫോട്ടോ എടുക്കുകയും, തുടർന്ന് യാത്രയാക്കാൻ കാറിന്റെ അടുത്തെത്തി ഡോർ തുറന്നു നൽകി അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തതാണ്. അദ്ദേഹം തന്നെ അതു പറയുന്നുമുണ്ട്. ആ ആൾ തന്നെ മന്നം സമാധിയിൽ കൊണ്ടുപോയി സന്ദർശനം നടത്തിയില്ല എന്ന് പരാതി പറയുന്നതിൽ എന്തർത്ഥം?? വാസ്തവത്തിൽ അത്തരം ഒരാവശ്യം അദ്ദേഹം അറിയിക്കുകയോ, അല്ലെങ്കിൽ പ്രകടിപ്പിക്കുകയോ ചെയ്തില്ല. അറിയിച്ചിട്ടും അതനുവദിച്ചില്ലെങ്കിൽ പരാതിയിൽ എന്തെങ്കിലും കഴമ്പുണ്ടെന്നു തോന്നാം. അതൊന്നുമില്ലാതെ സന്തോഷത്തോടെ കാറിൽ കയറി ടാറ്റാ പറഞ്ഞു പോയിട്ട് ഇപ്പോൾ വേറൊരു വേദിയിൽ പരാതി പറയുന്നതിൽ ദുഷ്ട്ട ലാക്കുണ്ട്. ഒരുപക്ഷെ പെരുന്നയിൽ നിന്നും പോയശേഷമായിരിക്കും അതേക്കുറിച്ച് ചിലപ്പോൾ ഓർത്തത് തന്നെ. ഏതായാലും വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇപ്പോൾ വിവാദമാക്കിയതിനു പിന്നിൽ അല്പം കുബുദ്ധിയുണ്ട് എന്നത് സമുദായ നേതൃത്വവും, അംഗങ്ങളും മനസിലാക്കുണ്ട്. മന്നംസമാധിയിൽ സമർപ്പിക്കുന്നത് എന്താണെന്നുപോലും മാന്യദ്ദേഹത്തിന് അറിയില്ലെങ്കിൽ അത് ആരുടെ കുറ്റമാണ്.കഥ തുടരട്ടെ. ഇനിയും ഇത്തരം പല നാടകങ്ങളും പ്രതീക്ഷിക്കാം.
