കരിങ്കൊടി കാണിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ അറിയിച്ചു. തുടർന്ന് വാഹനത്തിൽ തിരിച്ചു കയറാൻ കൂട്ടാക്കാതെ ഗവർണർ കസേരയിൽ ഇരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തെന്ന് റൂറൽ എസ്.പി ഗവർണറെ അറിയിച്ചു. എന്നാൽ 50 പേരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ എസ്.പിക്ക് മറുപടി നൽകി.
ഗവർണറുടെ വാഹനവ്യൂഹം എത്തിയപ്പോൾ കരിങ്കൊടിയുമായി എസ്എഫ്ഐ പ്രവർത്തകർ ചാടിവീഴുകയായിരുന്നു. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നിട്ടും എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് തൊട്ടടുത്ത് വരെ എത്തി. ഇതോടെയാണ് ക്ഷുഭിതനായി ഗവർണർ പുറത്തിറങ്ങിയത്. കരിങ്കൊടി കാണിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ പൊലീസിനോട് പറഞ്ഞു. അതിനിടെ രാജ്ഭവനിലെ ഉദ്യോഗസ്ഥരോട് വിവരം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും അറിയിക്കാൻ ഗവർണർ നിർദേശം നൽകി.
advertisement
നേരത്തെ തിരുവനന്തപുരം പാളയത്ത് വെച്ചും ഗവർണർക്കുനേരെ എസ്എഫ്ഐയുടെ രൂക്ഷമായ പ്രതിഷേധമുണ്ടായിരുന്നു. അന്ന് ഗവർണറുടെ വാഹനത്തിൽ എസ്എഫ്ഐ പ്രവർത്തകർ അടിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി കണക്കാക്കിയിരുന്നു. അന്നത്തെ സംഭവത്തിൽ അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.