കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ പടമലയിലെ അജീഷിന്‍റെ വീട്ടിലായിരുന്നു ഗവർണറുടെ ആദ്യ സന്ദർശനം. ബന്ധുക്കളുമായി സംസാരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലാ സഹായവും ഉറപ്പുനൽകി. സ്ഥലത്ത് എത്തിയ നാട്ടുകാരും വന്യജീവി ആക്രമണ ഭീഷണിയും ആശങ്കയും ഗവർണറെ അറിയിച്ചു.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വകുപ്പ് താല്ക്കാലിക വാച്ചർ പാക്കത്തെ പോളിൻ്റെ വീട്ടിലാണ് ഗവർണർ പിന്നീട് എത്തിയത്. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ പാക്കം കാരേരി കോളനിയിലെ വിദ്യാർത്ഥി ശരത്തിനെയും ഗവർണർ സന്ദർശിച്ചു. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരിയിലെ പ്രജീഷിൻ്റെ കുടുംബത്തയും സന്ദർശിച്ചു. പിന്നീട് മാനന്തവാടി ബിഷപ്പ് ഹൗസിൽ എത്തിയ ഗവർണർ ബിഷപ് മാർ ജോസഫ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തി.
advertisement
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ജീവനും സ്വത്തിനും ഭീഷണിയാവുന്ന സാഹചര്യം നിലനിൽക്കെ വനം മന്ത്രിയോ മുഖ്യമന്ത്രിയോ വയനാട്ടിൽ എത്തിയില്ലെന്ന വിമർശനം ശക്തമാണ്. ഇതിനിടെയാണ് സർക്കാറിനെതിരെ പോർമുഖം തുറന്ന് ഗവർണർ ജില്ലയിലെത്തിയത്. ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കർശന സുരക്ഷ ക്രമീകരണങ്ങളാണ് ജില്ലയിൽ പൊലീസ് ഒരുക്കിയത്. ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിച്ച് വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ ഇന്നലെ എം.പി രാഹുൽ ഗാന്ധി എത്തിയിരുന്നു. അതെസമയം നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെ മന്ത്രിമാരുടെ അധ്യക്ഷതയിൽ വയനാട്ടിൽ നാളെ സർവകക്ഷി യോഗം ചേരും.