സർക്കാർ സ്ഥാപനമായ മലബാർ ഡിസ്റ്റലറീസ് ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചതിൽ ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു.കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ചിന്തു കുര്യൻ ജോയ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.
പുതുതായി പുറത്തിറക്കുന്ന ബ്രാണ്ടിക്ക് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനമായി നൽകുമെന്നായിരുന്നു മലബാർ ഡിസ്റ്റലറീസ് പത്രക്കുറിപ്പിൽ പറഞ്ഞത്. ഇത് വ്യാപകമായ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
advertisement
മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചതിലൂടെ സർക്കാർ നടത്തിയത് കേരള അബ്കാരി ആക്ട് 55Hന്റെയും ഇന്ത്യൻ ഭരണഘടന അനുച്ഛേദം 47 ന്‍റെയും ലംഘനമാണെന്നും മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും പ്രോത്സാഹനം തടയേണ്ട സർക്കാർ അത് പ്രോത്സാഹിപ്പിക്കാൻ കൂട്ടുനിൽക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അടക്കമുള്ള രണ്ട് അംഗ ബഞ്ച് ഹർജി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
