കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിലെ പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മകളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്കാണ് കുട്ടിയെ ചേർക്കുന്നതെന്ന് പിതാവ് ഫേസ്ബുക്കിൽ കുറിച്ചു. പ്രതിസന്ധി ഘട്ടത്തിൽ, ആൾക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിൻ ബലമില്ലാത്ത ഒരു സാധാരണക്കാരനായ തന്റെ ഒപ്പം നിന്ന മുഴുവൻ പേർക്കുമുള്ള നന്ദിയും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
advertisement
ഹിജാബ് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങാൻ പെൺകുട്ടിയുടെ രക്ഷകർത്താക്കൾ തീരുമാനിച്ചത്. . പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിലാണ് പെൺകുട്ടി എട്ടാം ക്ലാസിൽ ചേർന്നത്.
സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ വിദ്യാര്‍ഥിനി ഹിജാബ് ധരിച്ചെത്തിയതും സ്കൂള്‍ മാനേജ്മെന്റ് എതിര്‍പ്പ് പ്രകടിപ്പിച്ചതും വിവാദമായിരുന്നുസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ചെത്തിയതാണ് തർക്കത്തിന് കാരണമായത്. ഹിജാബ് ധരിച്ച് സ്കൂളിൽ പഠിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സ്കൂൾ മാനേജ്മെന്റ് സ്വീകരിച്ചത്.
സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും തുടർനടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സർക്കാരും അറിയിച്ചതോടെ സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഭരണഘടന അവകാശങ്ങളുടെ ലംഘനം നടന്നത് കൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ അറിയിച്ചത്. അതേസമയം എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നായിരുന്നു സ്കൂളിന്റെ വാദം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രിയപെട്ടവരെ,
മക്കൾ ഇന്ന് പുതിയ സ്കൂളിലേക്ക്..
അവരുടെ ഡിഗ്നിറ്റി ഉയർത്തിപിടിച്ചു തന്നെ,
അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്..
പ്രതിസന്ധി ഘട്ടത്തിൽ, ആൾക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിൻ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവൻ പേർക്കും പ്രാർത്ഥനാ മനസ്സോടെ,
നന്ദിയോടെ...
വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കൾ യാത്ര തുടരട്ടെ..
