താമരശ്ശേരി ചുങ്കത്ത് തട്ടുകട നടത്തുന്ന സാജിറിന്റെ ബാങ്ക് അക്കൗണ്ടാണ് ജയ്പൂര്‍ പോലീസിന്റെ നിര്‍ദേശപ്രകാരം ആക്‌സിസ് ബാങ്ക് മരവിപ്പിച്ചത്. അക്കൗണ്ടില്‍ നിന്ന് പണം അയക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് സൈബര്‍ പോലീസിന്റെ നിര്‍ദേശ പ്രകാരം ജയ്പൂരിലെ ജവഹര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ അറിയിച്ചതു പ്രകാരം അക്കൗണ്ട് മരവിപ്പിച്ചതായി പറഞ്ഞത്.
advertisement
തട്ടുകടയിലെത്തി ഭക്ഷണം കഴിച്ച ജയ്പൂര്‍ സ്വദേശി 263 രൂപ ഫോണ്‍ പേ വഴി അയച്ചിരുന്നു. ജവഹര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയാണ് പണം അയച്ചതെന്ന കാരണം പറഞ്ഞാണ് അക്കൗണ്ട് മരവിപ്പിച്ചത്.
ജയ്പൂരില്‍ പോയി അന്വേഷിക്കാനാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ അന്വേഷിച്ചെങ്കിലും ഇവിടെ ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും സാജിർ പറയുന്നു. നിസ്സാര സംഖ്യ ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ പേരില്‍ അക്കൗണ്ട് മരവിപ്പിച്ചതോടെ വ്യാപാരിയായ സാജിര്‍ വലിയ പ്രയാസത്തിലാണ്. പ്രതിയുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് പകരം വ്യാപാരികളുടെ അക്കൗണ്ട് മരവിപ്പിക്കുന്നത് എന്തിന്റെ പേരിലാണെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ല.