കൊച്ചി മുനമ്പം ഹാർബറിൽ നിന്ന് മത്സ്യ ബന്ധന ബോട്ട് വഴി സ്ത്രീകളും കുട്ടികളുമടക്കം 40 പേർ ഓസ്‌ട്രേലിയയിലേക്ക് കടന്നതായി കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. അധികഭാരം ഒഴിവാക്കാൻ സംഘം ഉപേക്ഷിച്ച 19 ബാഗുകളും കണ്ടെത്തിയിരുന്നു. അന്താരാഷ്‌ട്ര മനുഷ്യക്കടത്തു സംഘമാണ് സംഭവത്തിന് പിന്നിലെന്ന സൂചനകളെത്തുടർന്ന് ഐ ബിയും രഹസ്യാന്വേഷണ വിഭാഗവും കൊച്ചിയിലെത്തി അന്വേഷണം തുടങ്ങി.
മത്സ്യബന്ധന ബോട്ടില്‍ ശ്രീലങ്കൻ അഭയാർത്ഥികളായ സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് കടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാർബറിന് സമീപം ബോട്ട് ജെട്ടിയോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കൂടിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകൾ പരിശോധിച്ചപ്പോൾ ഉണങ്ങിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഫോട്ടോകൾ, ഡൽഹിയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾ, കുട്ടികളുടെ കളിക്കോപ്പുകൾ തുടങ്ങിയവ കണ്ടെത്തി.
ബാഗുകള്‍ വിമാനത്തിൽ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നെങ്കിലും തുടർന്ന് നടത്തിയ അനേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ബാഗിൽ കണ്ട രേഖകളില്‍ നിന്നു പത്ത് പേരടങ്ങുന്ന സംഘമായി സമീപപ്രദേശങ്ങളിലെ റിസോർട്ടുകളിൽ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരിൽ ചിലർ ഡൽഹിയിൽ നിന്നു വിമാനമാർഗം കൊച്ചിയിലെത്തുകയായിരുന്നു. രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്ത് സംഘമാണ് പിന്നിലെന്നാണ് വിവരം.

