ഒന്നാം ഭാര്യക്കൊപ്പം ജീവിക്കുമ്പോൾ തന്നെയാണ് അന്ധനായ പാലക്കാട് സ്വദേശി സെയ്ദലവി ഹർജിക്കാരിയെ വിവാഹം കഴിച്ചത്. ഹർജിക്കാരിയെ തലാഖ് ചൊല്ലി മൂന്നാമതൊരു വിവാഹം കൂടി കഴിക്കാൻ പോവുകയാണെന്ന് സെയ്ദലവി തുടർച്ചയായി ഭീഷണിപ്പെടുത്തി. ഇതോടെയാണ് ജീവനാംശം തേടി ഹർജിക്കാരി കുടുംബ കോടതിയെ സമീപിച്ചത്.
ഭിക്ഷയെടുക്കുന്നതടക്കം ഭർത്താവിന് പ്രതിമാസം 25,000 രൂപ വരുമാനം ഉണ്ടെന്നായിരുന്നു ഹർജിക്കാരി അറിയിച്ചത്. ഇതിൽ നിന്നും പതിനായിരം രൂപ തനിക്ക് വേണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. എന്നാൽ യാചകനായ ഒരാളിൽ നിന്നും ഭാര്യക്ക് ജീവനാംശം ആവശ്യപ്പെടാനാവില്ല എന്ന് കാണിച്ച് ഹർജി കുടുംബ കോടതി തള്ളി. ഇതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.ഭാര്യയുടേത് പിച്ച ചട്ടിയിൽ കൈയിട്ടു വാരുന്ന പ്രവൃത്തിയാണെന്നും കോടതി പറഞ്ഞു.
advertisement
ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ കുടുംബ കോടതി ഉത്തരവ് ശരിവെച്ചു.എന്നാൽ മൂന്നാം വിവാഹം കഴിക്കാൻ സെയ്ദലവി ഒരുങ്ങുന്നു എന്നതിനെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.മുസ്‌ലിം സമുദായത്തിൽപ്പെട്ട ഒരാൾക്ക് ഭാര്യമാരെ സംരക്ഷിക്കാൻ കഴിവില്ലെങ്കിൽ ഒന്നിലധികം വിവാഹം കഴിക്കാൻ അവകാശമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു അതേസമയം, മുസ്‌ലിം പുരുഷന്മാർക്ക് എല്ലാ സാഹചര്യങ്ങളിലും ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാൻ അനുവാദമുണ്ടെന്നുള്ളത് തെറ്റിദ്ധാരണയാണെന്നും ഖുർആൻ വചനങ്ങൾ ഉദ്ധരിച്ച് കോടതി കൂട്ടിച്ചേർത്തു.
മൂന്നാം വിവാഹം കഴിക്കുന്നതിൽ നിന്ന് സെയ്ദലവിയെ പിന്തിരിപ്പിക്കാൻ മതനേതാക്കളുടെ സഹായത്തോടെ കൗൺസിലിങ് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.ഭാര്യമാരെ തുല്യ നീതിയോടെ പോറ്റാൻ കഴിവുള്ള മുസ്ലിങ്ങൾക്കു മാത്രമാണ് ബഹു ഭാര്യത്വം അനുവദിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി