സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള വിവിധ പദ്ധതികൾക്കായി മാറ്റിവെച്ച 50കോടി രൂപയിൽ നിന്നാകും വനിതാ മതിലിനും പണം ചെലവഴിക്കുന്നതെന്ന് സർക്കാർ സത്യവാങ്മൂലത്തിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ സർക്കാർ സത്യവാങ്മൂലം തെറ്റായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചതാണെന്നും ഖജനാവിൽ നിന്നു പണം ചെലവാക്കില്ലെന്നുമാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും വാദിച്ചത്.
വനിതാ മതിലിന് സര്‍ക്കാര്‍ സഹായമുണ്ടാകില്ലെന്നും സംഘാടനത്തിനുളള ചെലവ് ബന്ധപ്പെട്ട സംഘടനകള്‍ തന്നെ വഹിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. വനിതാ മതിലിനെക്കുറിച്ച് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് സത്യവാങ്മൂലത്തെ തെറ്റായി വ്യാഖ്യാനിച്ചതെന്നായിരുന്നു കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. വനിതാ മതിലിന് 50 കോടി രൂപ ചെലവാക്കുമെന്നും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാദമാണ് ഇടക്കാല ഉത്തരവിന്‍റെ പകര്‍പ്പ് പുറത്തുവന്നതോടെ പൊളിയുന്നത്.
സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബജറ്റിൽ മാറ്റി വച്ചിട്ടുണ്ടെന്നും വനിതാ മതിലും ഇത്തരം പ്രചാരണത്തിന്‍റെ ഭാഗമാണെന്നുമായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ സംഘടനകൾ സ്വന്തം നിലയിൽ പണം സമാഹരിക്കുമെന്നും അതിന് അവർ പ്രാപ്തരാണെന്നും ധനമന്ത്രി തോമസ് ഐസക്കും പ്രതികരിച്ചിരുന്നു.
