തനിക്കെതിരായ നടപടി നിയമവിരുദ്ധമാണെന്നും ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നുമാണ് ഇ പി ജയരാജൻ പ്രഖ്യാപിച്ചത്. ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.
advertisement
യാത്രക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെയാണ് ക്രിമിനലുകളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോയില്‍ ടിക്കറ്റ് അനുവദിച്ചത്. ഇത് ഗുരുതരമായ വീഴ്ചയാണ്. ക്രമിനലുകള്‍ക്ക് സഞ്ചരിക്കാന്‍ കോണ്‍ഗ്രസ് ഓഫീസുകളില്‍ നിന്ന് ടിക്കറ്റ് എടുത്ത് നല്‍കുമ്പോള്‍ കമ്പനി അവരുടെ യാത്ര വിലക്കേണ്ടതായിരുന്നു. 18 കേസില്‍ പ്രതിയായ ക്രിമിനലുകള്‍ പറയുന്നത് കേട്ട് വിധിക്കാനാണ് ഇന്‍ഡിഗോയ്ക്ക് താത്പര്യമില്ലെങ്കില്‍ ആ കമ്പനി നിലവാരം ഇല്ലാത്ത കമ്പനിയാണെന്നും ജയരാജന്‍ പറഞ്ഞു.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം ഉണ്ടായപ്പോള്‍ താന്‍ ഇടയില്‍ നിന്നതുകൊണ്ടാണ് പ്രതിഷേധക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താന്‍ സാധിക്കാതിരുന്നത്. ഇക്കാര്യം വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇന്‍ഡിഗോ തെറ്റായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചതിന് ഇന്‍ഡിഗോ ശരിക്കും തനിക്ക് അവാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും ജയരാജന്‍ പറഞ്ഞിരുന്നു.
ഇൻഡിഗോ വിമാനങ്ങളിൽ രാജ്യത്തിനകത്തോ പുറത്തോ യാത്ര ചെയ്യുന്നതിനാണ് ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനാണു നടപടി. വിമാനത്തിൽ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ കെ നവീൻകുമാർ, പി പി ഫർസീൻ മജീദ് എന്നിവർക്കു രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇവരുടെ അച്ചടക്കരഹിതമായ പെരുമാറ്റം 2017 ലെ സിവിൽ ഏവിയേഷൻ റിക്വയർമെന്റ് ഉത്തരവു പ്രകാരം ലവൽ 1ൽ ഉൾപ്പെടുന്ന കുറ്റമാണ്. യാത്രക്കാരെ കയ്യേറ്റം ചെയ്തുവെന്നത് അൽപം കൂടി ഗുരുതരമായ കുറ്റമായതിനാലാണു ജയരാജനു മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
ഇന്‍ഡിഗോയെ വിലക്കിയ ഇ പിയുടെ പ്രസംഗത്തിന് പിന്നാലെ വലിയ തോതിൽ ട്രോളുകൾ പ്രചരിച്ചിരുന്നു. ഇ പിയുടെ ഒരു വാക്കിനെ പോലും വെറുതെ വിടാതെയായിരുന്നു ട്രോള്‍ മഴ. ഇതിനിടെയാണ് ഇൻഡിഗോയുടെ പുതിയ പോസ്റ്റ് ചർച്ചയാകുന്നത്.