ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണ് സംസ്‌കാരം. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേലില്‍നിന്ന് ഡല്‍ഹിയിലെത്തിച്ച മൃതദേഹം അവിടെനിന്ന് വിമാനമാര്‍ഗമാണ് ഇന്നലെ കൊച്ചിയില്‍ എത്തിച്ചത്. സൗമ്യയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഡീന്‍ കുര്യാക്കോസ് എം.പി, പി.ടി തോമസ് എംഎല്‍എ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടില്‍ എത്തിച്ചത്.
advertisement
ഇസ്രയേലില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച മൃതദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ഏറ്റുവാങ്ങിയത്. ഡല്‍ഹി ഇസ്രയേല്‍ എംബസിയിലെ ചാര്‍ജ് ദ അഫയേഴ്‌സ് റോണി യദിദിയയും സൗമ്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ബുധനാഴ്ചയാണ് ഗാസയില്‍ നിന്നുള്ള ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടേക്കറായി ജോലിചെയ്യുന്ന ഇസ്രായേലിലെ അഷ്‌കെലോണ്‍ നഗരത്തിലെ വീടിനു മുകളില്‍ റോക്കറ്റ് പതിക്കുകയായിരുന്നു. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് സൗമ്യ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Also Read രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ കുറഞ്ഞു: മരണനിരക്ക് 4000 ത്തിന് മുകളില്‍
ഇതിനിടെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പി.സി ജോർജ് രംഗത്തെത്തി. സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. തീവ്രവാദ സംഘടനകളെ പോലും എതിര്‍ത്ത് പറയാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല. പ്രവാസികളുടെ പണം കൊണ്ടാണ് സംസ്ഥാനം പട്ടിണി കൂടാതെ മുന്നോട്ട് പോകുന്നത്. അല്ലാതെ പിണറായി സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് കൊണ്ടല്ലെന്ന് വിമര്‍ശിച്ച പി സി ജോര്‍ജ്ജ്, കുടുംബത്തിന് സഹായം സര്‍ക്കാര്‍ നല്‍കാത്തതില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാന്‍ സൗമ്യയുടെ കുടുംബം നല്‍കിയ രേഖകള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി അധികൃതര്‍ ഇസ്രായേല്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.