തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ ഇറക്കിയത് നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സീറ്റ് നഷ്ടപ്പെടുന്നതില്‍ ചില എം.എല്‍.മാര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ കളമശ്ശേരി എം.എല്‍.എയും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിനെ ഇത്തവണ മത്സരിപ്പിക്കേണ്ടെന്നാണ് ലീഗ് തീരുമാനം. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ. എം.സി ഖമറുദ്ദീനും സീറ്റ് ലഭിച്ചേക്കില്ല. ഇവര്‍ മത്സരിച്ചാല്‍ യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് പൊതുവിലയിരുത്തല്‍.
advertisement
മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനും മാറിനില്‍ക്കേണ്ടിവരും, മലപ്പുറം എം.എല്‍.എ പി. ഉബൈദുല്ല, മഞ്ചേരിയിലെ എം. ഉമ്മര്‍ എന്നിവര്‍ രണ്ടുതവണ എം.എല്‍.എമാരായവരാണ്. തിരൂരില്‍ നിന്നുള്ള സി. മമ്മൂട്ടി, മങ്കടയില്‍ നിന്നുള്ള ടി.എ. അഹമ്മദ് കബീര്‍, വേങ്ങരയില്‍ നിന്നുള്ള കെ.എന്‍.എ. ഖാദര്‍ എന്നിവര്‍ക്കും സീറ്റ് ലഭിച്ചേക്കില്ല.
തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായ രീതിയില്‍ മൂന്ന് ടേം കഴിഞ്ഞവരെ മുഴുവന്‍ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനില്ല. എന്നാല്‍ പുതുമുഖങ്ങളെ പരീക്ഷിക്കുന്നത് വിജയകരമാണെന്ന വിലയിരുത്തലുണ്ട്. സീറ്റ് നിഷേധിക്കുന്ന എം.എല്‍.എമാര്‍ക്ക് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ആവശ്യമുയരുന്നില്ലെന്നതും ലീഗിന് കാര്യങ്ങള്‍ എളുപ്പമാക്കും.
എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, മഞ്ഞളാംകുഴി അലി, ഹമീദ് മാസ്റ്റര്‍ എന്നിവര്‍ സിറ്റിംഗ് സീറ്റുകള്‍ മാറി മത്സരിക്കാനുള്ള സാധ്യതയുണ്ട്. അഴീക്കോടും കണ്ണൂരും വച്ചുമാറാന്‍ കോണ്‍ഗ്രസ് ലീഗ് ധാരണയായിട്ടുണ്ട്. അങ്ങനെയെങ്കിൽ കെ.എം. ഷാജി കണ്ണൂരില്‍ മത്സരിച്ചേക്കും.