തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു പുതിയ ജനതാ പാർട്ടി കൂടി വരുന്നു. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പേരിൽ പാർട്ടി പ്രഖ്യാപനം നവംബർ രണ്ടിന് എറണാകുളത്ത് നടക്കും. ബിജെപിയുമായി ചേർന്ന ദേശീയ നേതൃത്വത്തോട് പൂർണമായും ബന്ധം വിച്ഛേദിച്ചാണ് ജനതാദൾ എസ് നേതാക്കൾ പുതിയ പാർട്ടി രൂപീകരിക്കുന്നത്. ഇന്നലെ ചേർന്ന സംസ്ഥാന നേതൃയോഗം പാർട്ടി രൂപീകരണ നിർദേശത്തിന് അംഗീകാരം നൽകി.
കർണാടകത്തിലും കേന്ദ്രത്തിലും ബിജെപിക്കൊപ്പം. കേരളത്തിൽ സിപിഎം നയിക്കുന്ന ഇടതുമുന്നണിയിലും. അസാധാരണ പ്രതിസന്ധിയാണ് കേരളത്തിലെ ജനതാദൾ എസ് നേരിട്ടിരുന്നത്. ദേശീയ പാർട്ടിയുമായി ബന്ധം വിച്ചേദിക്കുമെന്ന് പലതവണ പറഞ്ഞെങ്കിലും സാങ്കേതികമായി അതിന് കഴിഞ്ഞിരുന്നില്ല.
advertisement
പാർട്ടി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച രണ്ട് എംഎൽഎമാർ ഇടതുമുന്നണിപ്പമുണ്ട്. മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും. ജനതാദൾ എസിന്റെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് മാത്യൂ ടി തോമസ്. പുതിയ പാർട്ടി രൂപീകരിച്ചാലോ മറ്റേതെങ്കിലും പാർട്ടിയിൽ ലയിച്ചാലോ രണ്ടുപേരും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാകുമെന്ന ഭീഷണിയും നേരിട്ടിരുന്നു. അത് ഒഴിവാക്കിയാണ് ഇപ്പോഴത്തെ നീക്കം.
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പേരിൽ പാർട്ടി രജിസ്ട്രേഷൻ കഴിഞ്ഞു. ചക്രത്തിനുള്ളിൽ ഒരില ചിഹ്നമായി ലഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു. മുകളിൽ പച്ചയും താഴെ വെള്ളയും ആകും പുതിയ പാർട്ടിയുടെ പതാകയുടെ നിറം. കൂറുമാറ്റ ഭീഷണി ഒഴിവാക്കാൻ മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും ആദ്യഘട്ടത്തിൽ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് വരില്ല. പാർട്ടി രജിസ്റ്റർ ചെയ്തയാൾ സ്ഥാപക പ്രസിഡൻറ് ആകും.
ഈ നിയമസഭയുടെ കാലാവധി കഴിഞ്ഞ ശേഷം മാത്യു ടി തോമസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാണ് ആലോചന. നിലവിലെ ഭാരവാഹികൾ അതേ സ്ഥാനങ്ങളിൽ തുടരും. പുതിയ ആളുകളെ ഭാരവാഹികളായി പരിഗണിക്കുന്നുമുണ്ട്. ശ്രേയാംസ് കുമാർ നയിക്കുന്ന ജനത പാർട്ടിയുമായി ലയിക്കാനുള്ള ആലോചനകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ അതും പാതിവഴിയിൽ നിലച്ചു. പുതിയ പാർട്ടി രൂപീകരിക്കുന്നതോടെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന മുന്നണികൾക്കൊപ്പം എന്ന പ്രത്യയശാസ്ത്ര പ്രതിസന്ധിയിൽ നിന്ന് ജനതാ പാർട്ടി രക്ഷപ്പെടും.