ആശുപത്രിയിൽ കഴിയുന്ന ദുബായിലെ സുഹൃത്തിനെ കാണാനാണ് കുടുംബസമേതം പോയത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ച എൽഡിഎഫ് സത്യാഗ്രഹത്തിൽ പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആറ് വർഷത്തെ ഇടവേളക്ക് ശേഷം ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസ് യുഡിഎഫിലേക്ക് പോകുമോ എന്നതിൽ അനിശ്ചിതാവസ്ഥ നീങ്ങി.
പത്രസമ്മേളനം വിളിച്ച സാഹചര്യത്തിൽ മന്ത്രി വി.എൻ.വാസവൻ ജോസ് കെ. മാണിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.
രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് മുന്നണി മാറും എന്ന് അഭ്യൂഹം പാർട്ടിയുടെ നേതാക്കളിൽ ശക്തമായിരുന്നു. എന്നാൽ മുന്നണി മാറിയാൽ പാർട്ടിയുടെ അഞ്ച് എം എൽ എ മാരിൽ എത്ര പേർ ഇതിനൊപ്പം ഉണ്ടാകും എന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല.അങ്ങനെ വന്നാൽ പിളർപ്പിനും സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് കോൺഗ്രസിലെയും കേരള കോൺഗ്രസിലെ പ്രധാനപ്പെട്ട നേതാക്കൾ കേരളത്തിന് അകത്തും പുറത്തും ചർച്ച നടത്തിയിരുന്നു.
advertisement
വെള്ളിയാഴ്ച ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു മുന്നേ ആണ് നിർണായക തീരുമാനം ജോസ് കെ മാണി അറിയിച്ചത്.
ഇത്തവണ അധികാരത്തിനു വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയാറായി മുസ്ലീം ലീഗും ചില ക്രൈസ്തവ സഭാ നേതാക്കളും കഴിഞ്ഞ കുറേനാളുകളായി നടത്തിവരുന്ന ശ്രമങ്ങളുടെ താൽക്കാലിക വിരാമമാണ് ഇതെന്ന് പറയാം.സിറോ മലബാർ സഭയിലെ ചില പ്രമുഖരുമായി കോൺഗ്രസ് ഹൈക്കമാണ്ടിലെ പ്രമുഖരുമായി ജൂലായിൽ മധ്യകേരളത്തിൽ നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യമായിരുന്നു ചർച്ച. എന്നാൽ ജോസിന്റെ അവസാന നിമിഷത്തിലെ മടങ്ങിവരവിൽ കേരളാ ജോസഫ് വിഭാഗവും കോട്ടയത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വവും ശക്‌തമായ എതിർപ്പ് അറിയിച്ചിരുന്നു.
ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിളാണ് യുഡിഎഫിലേക്ക് പോകാനുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലും അതിനൊപ്പം ചേർന്നതായാണ് സൂചന. എന്നാൽ ഇപ്പോൾ മുന്നണി വിടാൻ വേണ്ടത്ര കാരണം ഇല്ല എന്ന നിലപാടാണ് മന്ത്രി റോഷി അഗസ്റ്റിനും റാന്നി എംഎൽഎ പ്രമോദ് നാരായണനും ഉള്ളത്. എന്ത് കാരണം പറഞ്ഞ് പാർട്ടി വിടണം എന്നതാണ് ഇവരുടെ മുന്നിലെ പ്രശ്നം. ഇതോടെ കേരള കോൺഗ്രസ് എം പിളർപ്പിലേക്കെന്ന സൂചനയും ശക്തമായി. കാഞ്ഞിരപ്പള്ളി എംഎൽഎയും ചീഫ് വിപ്പുമായ എൻ ജയരാജാണ് പാർട്ടിയുടെ മറ്റൊരു എം എൽ എ.
