ആരെന്ത് പറഞ്ഞാലും തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ തുറുപ്പുചീട്ടാണ് മുരളീധരൻ. കോഴിക്കോട് നിന്ന് തൃശൂരിലേക്കും അവിടെ നിന്ന് വടക്കാഞ്ചേരിയിലേക്കും വട്ടിയൂർക്കാവിലേക്കും വടകരയിലേക്കും നേമത്തേക്കും ഇപ്പോ ഇത് തൃശൂരിലേക്കും അനായാസം തെരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്ക് ഇറക്കാവുന്ന, എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ആശ്രയിക്കാവുന്ന രക്ഷകന്റെ പേരാണ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കെ മുരളീധരൻ.
മത്സരരംഗത്ത് ഇത് 35ാം വർഷം; തൃശൂരിലേത് പതിമൂന്നാമത്തെ പോരാട്ടം
1989ൽ കോഴിക്കോടാണ് മുരളീധരൻ ആദ്യമായി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. ലോക്സഭാ സ്ഥാനാർത്ഥി നിർണയത്തിനിടയില്‍ കെ കരുണാകരൻ മൂത്രമൊഴിക്കാൻ പോയപ്പോള്‍ എ കെ ആന്റണി കെ മുരളീധരന്റെ പേര് നിർദേശിച്ചെന്നായിരുന്നു ഗ്രൂപ്പ് പോര് കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്തെ സംസാരം. മക്കൾ രാഷ്ട്രീയത്തെ ചൊല്ലിയുള്ള കല്ലേറുകള്‍ വേറെ. എന്നാൽ ഫലം വന്നപ്പോൾ സിപിഎമ്മിന്റെ കരുത്തനായ തൊഴിലാളി നേതാവ് ഇ കെ ഇമ്പിച്ചിബാവയെ 28,957 വോട്ടുകൾക്ക് പിന്നിലാക്കി മുരളീധരൻ ജയിച്ചുകയറി.
advertisement
12ല്‍ ആറുവിജയം
ഇതുവരെ മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ ആറെണ്ണത്തില്‍ വിജയം. ആറെണ്ണത്തില്‍ തോൽവി. 1991ലെ പൊതുതിരഞ്ഞെടുപ്പിലും മുരളീധരൻ കോഴിക്കോട് വിജയം ആവർത്തിച്ചു. അന്ന് പരാജയപ്പെടുത്തിയത് ജനതാദൾ നേതാവ് എം പി വീരേന്ദ്രകുമാറിനെ. എന്നാല്‍ 1996ല്‍, മൂന്നാമങ്കത്തില്‍ കോഴിക്കോട് മുരളീധരന് വീരേന്ദ്ര കുമാറിന് മുന്നിൽ കാലിടറി. പരാജയം 38,703 വോട്ടുകൾക്ക്.
1998ലെ പൊതുതെരഞ്ഞെടുപ്പില്‍ കോഴിക്കോട് വിട്ട് മുരളി തൃശൂരിലെത്തി. എന്നാൽ, തട്ടകം മാറിയിട്ടും മുരളിക്ക് ജയിച്ചുകയറാനായില്ല. സിപിഐയിലെ വി വി രാഘവനോട് 18,409 വോട്ടുകൾക്ക് തോറ്റു. അടുത്ത വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും കോഴിക്കോട് നിന്ന് മത്സരിച്ചു. ഇത്തവണ ജനതാദളിന്റെ സി എം ഇബ്രാഹിമിനെ അരലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തി മുരളി വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി.
കെപിസിസി അധ്യക്ഷൻ, മന്ത്രി.. പക്ഷേ
2001ൽ കെപിസിസിയുടെ അധ്യക്ഷസ്ഥാനത്തെത്തി. പാർട്ടിയെ നയിച്ചുവരവെ, 2004 ഫെബ്രുവരിയിൽ ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. നിയമസഭാംഗമല്ലാത്തതിനാൽ വടക്കാഞ്ചേരിയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു. പക്ഷേ എ സി മൊയ്തീനോട് 3,715 വോട്ടുകൾക്ക് പരാജയപ്പെട്ടു. തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ചു. ഇതോടെ എംഎൽഎ ആകാതെ, നിയമസഭയെ അഭിമുഖീകരിക്കാതെ സംസ്ഥാന മന്ത്രിയായ ഒരേ ഒരാളായും മുരളി മാറി.
ഡിഐസി, എൻസിപി... പിന്നാലെ മടക്കം
2005ൽ കോൺഗ്രസുമായി കെ കരുണാകരനും മകനും അകന്നു. ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് (കരുണാകരൻ) (ഡിഐസി(കെ) എന്ന പേരിൽ പുതിയ പാർട്ടി വന്നു.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഐസി 17 സീറ്റിൽ മത്സരിച്ചു. വിജയിച്ചത് ഒരു സീറ്റിൽ. മുരളീധരൻ കൊടുവള്ളി മണ്ഡലത്തിൽ പിടിഎ റഹീമിനോട് 7506 വോട്ടുകൾക്ക് തോറ്റു, വൈകാതെ ഡിഐസി പിരിച്ചുവിട്ട് കരുണാകരനും മുരളീധരനും എൻസിപിയിലെത്തി. പിന്നീട്, കരുണാകരൻ വീണ്ടും കോൺഗ്രസിൽ മടങ്ങിയെത്തിയെങ്കിലും മുരളീധരൻ എൻസിപിയിൽ തുടർന്നു.
2009ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് എൻസിപി ടിക്കറ്റിൽ മത്സരിച്ച മുരളീധരൻ കോൺഗ്രസ് പാർട്ടിക്കും സിപിഐക്കും പിന്നിൽ മൂന്നാം സ്ഥാനത്തായി. എൻസിപി അധ്യക്ഷ സ്ഥാനത്തിരിക്കെ കോണ്‍ഗ്രസിലേക്ക് മടങ്ങാൻ ആഗ്രഹം പരസ്യമാക്കി. പിന്നാലെ എൻസിപിയിൽ നിന്ന് പുറത്ത്. 2011 ഫെബ്രുവരിയിൽ കോൺഗ്രസ് മുരളീധരനെ തിരിച്ചെടുത്തു.
ഗംഭീരം, ഈ തിരിച്ചുവരവ്
കോൺഗ്രസിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ 2011ല്‍ വട്ടിയൂർക്കാവ് അസംബ്ലി മണ്ഡലത്തിൽ മത്സരിക്കാൻ ടിക്കറ്റ് കിട്ടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി ചെറിയാൻ ഫിലിപ്പിനെ 16,167 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. 2016ൽ രണ്ടാം തവണ 7622 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ വടകരയിലാര് മത്സരിക്കും എന്ന ചോദ്യം വന്നപ്പോൾ, കോൺഗ്രസ് എത്തിയത് മുരളീധരന് മുന്നിൽ. സിപിഎം നേതാവ് പി ജയരാജനെ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ലോക്സഭയിലേക്ക്.
നേമവും ബിജെപി അക്കൗണ്ട് പൂട്ടിക്കലും
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ്ങ് സീറ്റായിരുന്ന നേമം വലിയ ചർച്ചയായി ഉയർന്നുവന്നു. കുമ്മനം മത്സരത്തിനെത്തിയപ്പോള്‍ സിപിഎം ശിവൻകുട്ടിയെ തന്നെ രംഗത്തിറക്കി. കോണ്‍ഗ്രസിന് വേണ്ടി ഉമ്മൻ ചാണ്ടിയുടെ പേരുപോലും ഉയർന്നു കേട്ടു. ഒടുവില്‍ 'രക്ഷകൻ' എന്ന നിലയിൽ നറുക്കു മുരളീധരന്.
അന്നും ഒരുമടിയുമില്ലാതെ മുരളീധരൻ മത്സരരംഗത്തിറങ്ങി. ശിവൻകുട്ടി സിറ്റിങ്ങ് സീറ്റ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍ കെ മുരളീധരൻ മൂന്നാം സ്ഥാനത്തായിരുന്നു. തോറ്റെങ്കിലും ബിജെപിയുടെ അക്കൗണ്ട് പൂട്ടികെട്ടാൻ മുരളീധരന്റെ സ്ഥാനാർത്ഥിത്വം സഹായിച്ചുവെന്നായിരുന്നു വിലയിരുത്തൽ
വടകരയിൽ ഒരുക്കം, തൃശൂരിലേക്ക്
വടകരയിലെ സിറ്റിങ്ങ് സീറ്റില്‍ വീണ്ടും മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു കെ മുരളീധരൻ. കെ കെ ശൈലജയെ സിപിഎം വടകരയില്‍ നിശ്ചയിച്ചപ്പോള്‍ ശക്തമായ മത്സരചിത്രം രൂപപ്പെടുകയും ചെയ്തു. ശൈലജ ശക്തയായ എതിരാളിയെന്ന് മുരളീധരനും പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത ട്വിസ്റ്റ്. അതിനുകാരണമായത് സഹോദരി പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവും.
ലീഡറുടെ തട്ടകമായിരുന്ന തൃശൂരില്‍ മകളുടെചുവടുമാറ്റം കോണ്‍ഗ്രസിനെ ഞെട്ടിച്ചു. ഈ ഘട്ടത്തിലാണ് സർപ്രൈസ് തീരുമാനം വന്നത്. ഒരു എതിർപ്പുമില്ലാതെ വീണ്ടും രക്ഷകന്റെ വേഷമണിഞ്ഞ് മുരളീധരൻ തൃശൂരിലേക്ക് ട്രെയിൻ കയറി. 13ാമങ്കത്തിൽ മുരളിയെ കാത്തിരിക്കുന്നത് എന്താവും?