1991 ലാണ് കേരളത്തിൽ അന്നുവരെ ഇല്ലാത്ത ഒരു രാഷ്ട്രീയ പരീക്ഷണം ഉണ്ടായത്. കോൺഗ്രസിനും മുസ്ലിം ലീഗിനൊപ്പം ബിജെപിയും ചേർന്ന് പൊതുസ്ഥാനാർത്ഥിയെ നിർത്തി അപൂർവ പരീക്ഷണം. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുപോലെ തിരഞ്ഞെടുപ്പ് നടന്ന അന്ന്, വടകര ലോക്സഭാ മണ്ഡലത്തിലും ബേപ്പൂർ നിയമസഭാ മണ്ഡലത്തിലുമാണ് ഇടതുപക്ഷത്തിനെതിരായി കോൺഗ്രസ് മുസ്ലിം ലീഗ് ബിജെപി നിർത്തിയ പൊതു സ്ഥാനാർത്ഥി ഉണ്ടായിരുന്നത്. അഡ്വ. രത്നസിങ്ങായിരുന്നു വടകരയിലെ ആ സ്ഥാനാർത്ഥി. എന്നാൽ ഈ മഹാസഖ്യത്തെയും 17,000ത്തിൽപ്പരം വോട്ടുകൾക്ക് പരാജയപ്പെടുത്തി ഉണ്ണികൃഷ്ണൻ തന്റെ കരുത്ത് തെളിയിച്ചു.
advertisement
കോൺഗ്രസിലേക്കുള്ള മടക്കം
എന്നാൽ ഈ ജയത്തിന് നാല് വർഷത്തിനുശേഷം അദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഇന്ദിരാഗാന്ധിയുടെ കുടുംബവാഴ്ചയോട് കലഹിച്ചാണ് ഉണ്ണികൃഷ്ണൻ കോൺഗ്രസ് വിട്ടത്. എന്നാൽ പിന്നീട് അദ്ദേഹം കോൺഗ്രസ് വിടാനുണ്ടായിരുന്ന സാഹചര്യം മാറി. ദക്ഷിണേന്ത്യയിൽ നിന്നൊരാളെ കോൺഗ്രസ് പ്രധാനമന്ത്രിയാക്കി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പി വി നരസിംഹറാവുവാണ് അദ്ദേഹത്തോട് മടങ്ങിവരാൻ ആവശ്യപ്പെട്ടത്.
അങ്ങനെ 1995ൽ അദ്ദേഹം തന്റെ പഴയ തറവാടായ കോൺഗ്രസിലേക്ക് മടങ്ങിയെത്തി. എന്നാൽ 1996ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ സിപിഎമ്മിലെ ഒ ഭരതനോട് പരാജയപ്പെട്ടു. കോൺഗ്രസിനുള്ളിലെ തന്നെ ഒരു വിഭാഗത്തിന്റെ എതിർപ്പാണ് ഈ തോൽവിക്ക് കാരണമായതെന്ന് പറയപ്പെടുന്നു. "ഞാൻ ഏത് പാർട്ടിയിലായാലും എന്റെ ഉള്ളിലെ കോൺഗ്രസുകാരൻ മരിക്കില്ല" എന്നതായിരുന്നു അദ്ദേഹത്തിന്റെ എന്നും നിലനിൽക്കുന്ന നിലപാട്.
ഞെട്ടിച്ച വരവ്
ഡൽഹിയിൽ പത്രപ്രവർത്തകനായിരുന്ന ഉണ്ണികൃഷ്ണൻ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു 1971ൽ ഇടതുമണ്ണായ വടകരയിൽ കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർത്ഥിയാകുന്നത്. കേരള രാഷ്ട്രീയത്തിലെ ഒന്നൊന്നര ഹെവിവെയ്റ്റ് വരവായിരുന്നു അത്. ആ സമയം കോൺഗ്രസിനായി വടകരയിലെ ചുവരെഴുത്തുകളിൽ ഇടംപിടിച്ച പേര് ലീലാ ദാമോദര മേനോന്റേതായിരുന്നു. എന്നാൽ അവസാനനിമിഷം ഇന്ദിരാഗാന്ധിയുടെ നോമിനിയായിട്ടായിരുന്നു ഉണ്ണികൃഷ്ണൻ അങ്കത്തിനിറങ്ങിയത്. അസാധാരണമായ കഴിവുകളുള്ള ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. എ കെ ആന്റണി ഉൾപ്പെടെയുള്ള അന്നത്തെ 'യുവതുർക്കികൾ' ഈ തീരുമാനത്തെ എതിർത്തുവെങ്കിലും, വടകരയിൽ ആദ്യമായി ഇടതുപക്ഷത്തെ പരാജയപ്പെടുത്തി ഉണ്ണികൃഷ്ണൻ ഇന്ദിരയുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു.
ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറുതവണ എംപി
കേരളത്തിൽ ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറ് തവണ (1971 മുതൽ 1996 വരെ) 25 വർഷം ലോക്സഭയിലെത്തിയ ഏക വ്യക്തി ഉണ്ണികൃഷ്ണനാണ്. 1971ലും 77ലും കോൺഗ്രസ് ടിക്കറ്റിൽ വിജയം. അതുവരെ ഇന്ദിരാ ഗാന്ധിയുടെ പ്രിയങ്കരനായ ഉണ്ണികൃഷ്ണൻ, അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയുടെ കടുത്ത വിമർശകനായി മാറി. ആന്റണിയും സംഘവും ഉണ്ണികൃഷ്ണന്റെ പക്ഷത്തേക്ക് (കോൺഗ്രസ്-യു, കോൺഗ്രസ്-എസ്) വരികയും ചെയ്തു.
1980 മുതൽ 1991 വരെയുള്ള നാല് തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ വിജയിച്ചു. ആന്റണിയും മറ്റുള്ളവരും കോൺഗ്രസിലേക്ക് മടങ്ങിയപ്പോഴും ഉണ്ണികൃഷ്ണൻ തന്റെ നിലപാടിൽ ഉറച്ചുനിന്നു. 77ൽ അരങ്ങിൽ ശ്രീധരൻ, 80ൽ മുല്ലപ്പള്ളി രാമചന്ദ്രൻ, 84ൽ കെ എം രാധാകൃഷണൻ, 89ൽ എ സുജനപാൽ, 91ൽ അഡ്വ. രത്നസിങ് എന്നിങ്ങനെ പ്രമുഖരെയാണ് കെ പി ഉണ്ണികൃഷ്ണൻ പരാജയപ്പെടുത്തിയത്.
പാർലമെന്റിനെ വിറപ്പിച്ച ശബ്ദം
രാജീവ് ഗാന്ധിയുടെ കാലത്ത് ബോഫോഴ്സ് അഴിമതി സഭയിൽ ഉന്നയിക്കുമ്പോൾ ഉണ്ണികൃഷ്ണൻ എഴുന്നേറ്റു നിൽക്കുന്നത് പോലും ഭരണപക്ഷത്തിന് പേടിയായിരുന്നു. തുടർന്ന് 1989ൽ വി പി സിംഗ് മന്ത്രിസഭയിൽ അദ്ദേഹം കേന്ദ്രമന്ത്രിയായി. ചെറിയ പാർട്ടിയുടെ നേതാവാണെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ ഉണ്ണികൃഷ്ണൻ, തന്റെ ശരീരം പോലെ ഒരു വമ്പനായിരുന്നു. 1995ൽ തിരികെ കോൺഗ്രസിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ 1996 ൽ ദേവഗൗഡയ്ക്ക് രാജിവെച്ചപ്പോൾ അടുത്ത പ്രധാനമന്ത്രിയായി വരുന്നവരുടെ പേരുകളിൽ ആദ്യസ്ഥാനത്ത് ഒരുപക്ഷേ കെ പി ഉണ്ണികൃഷ്ണനും ഉണ്ടാകുമായിരുന്നു.
കത്തിക്കയറി, നിശബ്ദതയിലേക്ക്..
96ലെ തോൽവിക്ക് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന അദ്ദേഹം കോഴിക്കോട് പന്നിയങ്കരയിലെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു. അങ്ങനെ കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റുപോലെ ഉദിച്ചുയർന്ന രാഷ്ട്രീയ ജീവിതം പെട്ടെന്നുതന്നെ നിശബ്ദതയിലേക്ക് പോയി. പിന്നീടും എഴുത്തിലും വായനയിലുമായിരുന്നു ശ്രദ്ധ. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമാണ് ഉണ്ണികൃഷ്ണനുണ്ടായിരുന്നത്. പലതവണ അദ്ദേഹം വടകരയിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴൊക്കെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കാൻ പിണറായി ഉണ്ടായിരുന്നു. അവിടെ തുടങ്ങിയതായിരുന്നു ആ ബന്ധം. കെ പി ഉണ്ണികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തതും പിണറായി വിജയനായിരുന്നു.
കാൽ നൂറ്റാണ്ട് ഉറക്കെ ശബ്ദിച്ച് മൂന്ന് പതിറ്റാണ്ട് രാഷ്ട്രീയമായി നിശബ്ദനായ അദ്ദേഹം അസാധാരണമായ രാഷ്ട്രീയ ജീവിതം
ബാക്കിയാക്കിയാണ് യാത്രയാകുന്നത്.
