ചിത്തിര ആട്ട വിശേഷ ദിവസം സന്നിധാനത്ത് ചെറുമകന്റെ ചോറൂണിന് എത്തിയ 52കാരിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയാണ് കെ സുരേന്ദ്രന് എതിരായ കുറ്റം. ജാമ്യാപേക്ഷയിൽ പൊലീസ് ഇന്ന് നിലപാട് അറിയിച്ച് റിപ്പോർട്ട് നൽകും. സുരേന്ദ്രൻ നിരവധി കേസുകളിൽ പ്രതിയാണെന്നും പുറത്തിറങ്ങിയാൽ കലാപം സൃഷ്ടിക്കുമെന്നും പൊലീസ് അറിയിക്കും. അതിനാൽ ജാമ്യം നൽകരുത് എന്നാണ് പൊലിസിന്റെ നിലപാട്. റിമാൻഡിൽ കിടന്നാലും ബന്ധുക്കളെ ഫോൺ ചെയ്യാൻ അനുവദിക്കണമെന്ന് ആണ് സുരേന്ദ്രന്റെ രണ്ടാമത്തെ ആവശ്യം. സൗകര്യങ്ങൾ കുറഞ്ഞ കൊട്ടാരക്കര സബ് ജയിലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റണം എന്നാണ് സുരേന്ദ്രന്റെ മൂന്നാമത്തെ പ്രത്യേക അനുമതി അപേക്ഷ. സുരേന്ദ്രനെ അരമണിക്കൂർ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷയും ഇന്ന് പരിഗണിക്കും.
advertisement
ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യമുണ്ടെന്ന് കോടതി
കേസിലെ ഗൂഢാലോചനയിൽ കെ സുരേന്ദ്രനൊപ്പം, വിവി രാജേഷ്, വത്സൻ തില്ലങ്കേരി, ആർ രാജേഷ്, പ്രകാശ് ബാബു എന്നിവരും പ്രതികളാണ്. ഇതിൽ കെ സുരേന്ദ്രൻ മാത്രമാണ് നിലവിൽ ഗൂഢാലോചന കേസിൽ റിമാൻഡിൽ. കേസിലെ ഒന്നാം പ്രതി ഇലന്തൂർ സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ സൂരജ് നരഹത്യ ശ്രമത്തിന് റിമാൻഡിലാണ്. വാദം കേട്ടശേഷം സുരേന്ദ്രന്റെയും പൊലീസിന്റെയും അപേക്ഷകളിൽ കോടതി തീരുമാനമെടുക്കും. ജാമ്യം ലഭിച്ചാലും സുരേന്ദ്രന് ഉടനെ പുറത്തിറങ്ങാൻ കഴിയില്ല. കണ്ണൂരിൽ പോലിസിനെ ഭീഷണിപ്പെടുത്തിയ കേസിൽ സുരേന്ദ്രന് എതിരെ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.