ഈ നാട്ടിന്റെ പാരമ്പര്യത്തോടോ ദേശീയതയോടോ രാഹുലിന് ഒരു മതിപ്പുമില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ജീവിതം മുഴുവൻ കോൺഗ്രസിന് വേണ്ടി യത്നിച്ച തല മുതിർന്ന നേതാക്കളൊക്കെ രാഹുലിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. രാഹുൽ അപക്വമതിയും ധിക്കാരിയുമാണെന്ന് പറഞ്ഞത് ബി.ജെ.പിയല്ല , മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെയാണ്. ദേശീയതലത്തിലേയും സംസ്ഥാന തലത്തിലേയും മുതിർന്ന പല പ്രമുഖ നേതാക്കൾക്കും പാർട്ടി അദ്ധ്യക്ഷനായിരുന്നപ്പോഴും അല്ലാത്തപ്പോഴും രാഹുലിനെ ഒന്ന് കാണാൻ വർഷങ്ങൾ കാത്തിരുന്നിട്ടും അനുവാദം കിട്ടാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ലോകത്തെ മിക്ക വിപ്ലവങ്ങളും രാഷ്ട്രീയ മാറ്റങ്ങളും കുടുംബാധിപത്യത്തിനും കുടുംബവാഴ്ചക്കും എതിരായിരുന്നു. എന്നാൽ കോൺഗ്രസ് അന്നും ഇന്നു കുടുംബാധിപത്യത്തിന് വേണ്ടി നിലകൊള്ളുകയാണ്. അച്ഛന്റെയും മുത്തശ്ശി- മുത്തച്ഛന്മാരുടെയും പാരമ്പര്യം അവകാശപ്പെടുന്നതിന് പകരം സ്വന്തം കാലിൽ നിന്ന് വളർന്ന് നേതാവാകാനാണ് രാഹുൽ ശ്രമിക്കേണ്ടത്. നാടിന്റെ മാനബിന്ദുക്കളെ ഉൾക്കൊണ്ട സ്വാതന്ത്യപൂർവ്വ കോൺഗ്രസ് നേതാക്കളിൽ നിന്ന് പ്രചോദനമുൾക്കൊള്ളുകയാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടത്. ഇന്ത്യയെ ഒന്നിപ്പിക്കാൻ യാത്ര നടത്തുന്ന രാഹുൽ ഇന്ത്യയെ വെട്ടിമുറിപ്പിച്ചതാരാണാണെന്ന് പറയണം. ഇന്ത്യയെ വെട്ടിമുറിക്കാനുള്ള മന: സ്ഥിതിയുമായി നടക്കുന്നവരെ തുറന്നു കാണിക്കണം. മത ഭീകരതയ്ക്കും വിഘടനവാദത്തിനുമെതിരെ എത്ര തവണ രാഹുൽ ശബ്ദിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ ചോദിച്ചു.
Also Read- 'ഗാന്ധിയൻമാരുടെ സ്മൃതി മണ്ഡപം രാഹുൽ ഗാന്ധി സന്ദർശിക്കാത്തത് അനാദരവ്': കെ സുരേന്ദ്രൻ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ വെടിഞ്ഞും ജീവിതം കളഞ്ഞതുമായ നിവധി പോരാളികളുണ്ട്. അവരെയൊന്നും കോൺഗ്രസിന് വേണ്ട. എന്തിനധികം എത്രയോ കോൺഗ്രസ് അദ്ധ്യക്ഷന്മാരെ വരെ അവർ മറന്നു. അവർക്ക് നെഹ്റുവിനെ മാത്രം മതി. പിന്നെ ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ഗാന്ധിജിയുടെ പേര് ഉപയോഗിക്കുന്നു എന്നുമാത്രം. യഥാർത്ഥ കോൺഗ്രസ് 1969ൽ വേറെ പോയി. അന്നു കൂടെ നിന്നവർ പോലും 78ൽ പോയി. ഇപ്പോഴുള്ളത് കുടുംബ പാർട്ടിയാണ്. ഇവിടെ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്യവുമില്ല. കുടുംബാധിപത്യപാർട്ടിയെ ഇന്ത്യയിൽ നിന്ന് കെട്ടിക്കലാണ് ഇനി ചെയ്യേണ്ടത്. വലിയ കൊട്ടിഘോഷമൊന്നുമില്ലാതെ ഇന്ത്യൻ ജനത ആ ദൗത്യവും കൃത്യമായി നിർവഹിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
ആത്മാഭിമാനം അല്പമെങ്കിലും അവശേഷിച്ചവർ കോൺഗസിൽ നിന്ന് വിട്ടുപോയികൊണ്ടിരിക്കുകയാണ്. വരും നാളുകളിൽ ഈ പ്രക്രിയ ശക്തിപ്പെടും. രാഹുലിന്റെ യാത്ര ബി.ജെ.പിക്കെതിരെയല്ല. കോൺഗ്രസിൽ തന്റെ നേതൃത്വം ചോദ്യം ചെയ്യുന്നവരെ ജയിക്കാനായി നടത്തുന്ന ശ്രമമാണെന്നും സുരേന്ദ്രൻ പറഞ്ഞു
സ്വാതന്ത്യ സമരത്തിന്റെ നേട്ടങ്ങളെ ഹൈജാക്ക് ചെയ്യുകയാണ് കോൺഗ്രസ് ചെയ്തത്. കോൺഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി വരെ പറഞ്ഞതാണ്. തിലകനെയും നേതാജിയേയും ഒക്കെ മറന്ന കോൺഗ്രസ് ഒരു കുടുബത്തിന് അധികാരത്തിൽ തുടരാനുള്ള വേദിയായി മാത്രം മാറി. ഇപ്പോൾ അധികാരത്തിൽ നിന്ന് പുറത്തായതിന്റെ വേവലാതിയാണ് രാഹുൽ കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.