സ്ഫോടനം നടത്തിയത് കൺവെൻഷൻ സെന്ററിന്റെ പുറകിൽ ഇരുന്നാണെന്ന് പ്രതി അന്വേഷണസംഘത്തോട് പറഞ്ഞു. ഹാളിൽ ബോംബ് വെച്ച ശേഷം പ്രാർത്ഥന നടക്കുന്ന ഹാളിന്റെ പുറകിലേക്ക് പോയി. അവിടെ ഇരുന്നാണ് ബോംബ് സ്ഫോടനം നടത്തിയത്. സ്ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കിൽ പുറത്തേക്ക് പോയതായും പ്രതി പറഞ്ഞു. സ്ഫോടനത്തിനു മുൻപ് രണ്ടുതവണ പ്രതി പ്രാർത്ഥന നടക്കുന്ന ഹാളിൽ എത്തി മടങ്ങിയായും മൊഴി നൽകിയിട്ടുണ്ട്.
advertisement
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഡൊമിനിക് മാർട്ടിന്‍റെ സുഹൃത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്യും. സ്ഫോടനത്തിന് ശേഷം പ്രതി ഇയാളെ ഫോണിൽ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യം സുഹൃത്തിനെ മാത്രമായും പിന്നീട് ഇരുവരെയും ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
അതേസമയം കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്‍റെ മൊഴി പൂർണമായുംവിശ്വസിക്കാതെ അന്വേഷണസംഘം. ഡൊമിനിക് മാർട്ടിൻ ബോംബ് നിർമ്മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയാണ് പൊലീസ് വിശ്വാസത്തിലെടുക്കാതിരിക്കുന്നത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുവാനും തീരുമാനം. പ്രതിയെ തീവ്രവാദ സംഘങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന നിഗമനം അന്വേഷണസംഘം തള്ളിക്കളയുന്നില്ല. കേന്ദ്ര ഏജൻസികളും പ്രതിയെ പൂർണ്ണമായും വിശ്വാസത്തിൽ എടുത്തില്ല.