രണ്ട് വര്‍ഷത്തിലേറെ സമയമെടുത്ത് രചന പൂര്‍ത്തിയാക്കിയ ചിത്രം മലയാള കലാഗ്രാമത്തിൻ്റെ അകംഭിത്തിയില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രകൃതിദത്തമായ നിറങ്ങള്‍ ഉപയോഗിച്ച് പരമ്പരാഗത ശൈലിയില്‍ വരച്ച ചിത്രത്തിന് 9 അടി ഉയരവും 11 അടി നീളവുമുണ്ട്. വനിതകളെ കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കിയ കേരളത്തിലെ ആദ്യത്തെ ചുമര്‍ ചിത്രമാണ് നടരാജ താണ്ഡവം. 'മുയാലകന്‍' എന്ന അസുരന് മേല്‍ പരമേശ്വരന്‍ നടത്തുന്ന ബ്രഹ്‌മാനന്ദതാണ്ഡവമാണ് ഈ ചിത്രത്തിൻ്റെ പ്രമേയം. താണ്ഡവത്തോടൊപ്പം പ്രദോഷന്യത്ത സങ്കല്‍പ്പവും ഈ ചിത്രം ഉള്‍ക്കൊള്ളുന്നുണ്ട്.
advertisement
നൃത്തം ചെയ്യുന്ന ശിവന് പതിനാറ് കൈകളാണ്. അലൗകികത്വം നല്‍കുന്നതിന് വേണ്ടിയാണ് കൈകളുടെ ഈ വിവൃദ്ധി. പ്രതീകാര്‍ത്ഥത്തോടു കൂടിയതാണ് ഈ ആയുധങ്ങളും സംഗീതോപകരണങ്ങളുമെല്ലാം. ശിവൻ്റെ ചുവന്ന ജടയുടെ വികിരണമാണ് ഈ നടരാജ ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത. വിവിധതരം പൂക്കള്‍ കൊണ്ട് അലംകൃതമായ ശിവൻ്റെ ചെഞ്ചടയുടെ ഒരിഴയില്‍ ഒരു ചെറിയ ശിവതം സ്ഥാനം പിടിച്ചിട്ടുണ്ട്. അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖന്‍, കാളിയന്‍, പദ്മന്‍, മഹാപദ്മന്‍ തുടങ്ങിയ അഷ്ട നാഗങ്ങളേയും ചെഞ്ചടയുടെ അലങ്കാരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കെ ആര്‍ ബാബുവിനോടൊപ്പം ജാന്‍സി, റഹീന, കവിത, ടി.പി. സീമ, പ്രീജ, കെ.ആര്‍. സീമ, പ്രശാന്ത് ഒളവിലം, സുരേഷ് കൂത്തുപറമ്പ്, സോമന്‍ ഉണ്ണികൃഷ്ണന്‍, അനില്‍ പൊന്ന്യം, രാജേഷ് എടച്ചേരി, ജഗദീഷ് ഏറാമല, അരുണ്‍ ജിത്ത്, ജിതേഷ്, കലേഷ് ശ്രീജിത്ത്, മഹേഷ് ഒ.ടി.കെ., ജയചന്ദ്രന്‍, ഷൈലേഷ്, അരുണ്‍ ജിത്ത്, ജിതേഷ് എന്നിവരാണ് രചനയില്‍ പങ്കാളികളായത്.