1934 ജനവരി 12-ന് രാത്രി എട്ടുമണിക്കാണ് ഗാന്ധിജി തലശ്ശേരിയിലെത്തിയത്. അഡ്വ. വി.പി. നാരായണന്‍ നമ്പ്യാരുടെ തിരുവങ്ങാടുള്ള എടവലത്ത് വീട്ടിലായിരുന്നു താമസം. ഒരു നോക്കുകാണാന്‍ വീടിൻ്റെ ഗേറ്റിലും പരിസരത്തും ആളുകള്‍ തിങ്ങിക്കൂടിയിരുന്നു. എത്തിയശേഷം ആദ്യം പ്രാര്‍ഥനയായിരുന്നു. പ്രാര്‍ഥനയില്‍ ഒട്ടേറെ പേര്‍ പങ്കാളികളായി.
തലശ്ശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അക്കാലത്ത് അധഃകൃതര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിനെക്കുറിച്ച് ദേവസ്വം ട്രസ്റ്റി കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരുമായി സംസാരിച്ചെങ്കിലും എങ്ങുമെത്തിയില്ല. തലശ്ശേരി മൈതാനത്ത് പൊതുയോഗത്തിലും പ്രസംഗിച്ചു. നഗരസഭ ഓഫീസിലെത്തി പിന്നാക്ക വിഭാഗക്കാര്‍ക്ക് കൂടുതല്‍ വാസയോഗ്യമായ വാസസ്ഥലങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കാന്‍ കൗണ്‍സിലിനോടാവശ്യപ്പെട്ടു. ഇവിടെ നിന്നും മാഹി, വടകര ഭാഗത്തേക്കാണ് ഗാന്ധിജി യാത്ര ചെയ്തത്.
advertisement
അന്ന് തലശ്ശേരിയില്‍ അദ്ദേഹം താമസിച്ച തിരുവങ്ങാട്ടേ വീട് ഇന്നും ഗാന്ധി സ്മരണയിലാണ്. ഈ ചരിത്ര സംഭവത്തിൻ്റെ സ്മരണ പുതുക്കി തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി അന്നത്തെ ഇടവലത്ത് ഭവനത്തില്‍ ഒത്തുചേര്‍ന്നു. ബ്ലോക്ക് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടി അഡ്വ. സജീവ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വി.എന്‍. ജയരാജ്, ഡോക്ടര്‍ ബാബു രവീന്ദ്രന്‍, സജ്ജീവ് മാറോളി, കെ.പി. സാജു എന്നിവര്‍ പങ്കുചേര്‍ന്നു.
