മഴക്കാലത്ത് ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് അളകാപുരി വെള്ളച്ചാട്ടം. ഏകദേശം ഇരുന്നൂറടിയോളം ഉയരത്തില്‍നിന്ന് കുത്തനെയുള്ള പാറക്കെട്ടിലൂടെ താഴേക്കുള്ള വെള്ളത്തിൻ്റെ പതനം കാഴ്ചക്കാരെ മാടിവിളിക്കുന്നു. മഴക്കാലം തുടങ്ങുന്നതോടെ സജീവമാകുന്ന വെള്ളച്ചാട്ടം തുലാമഴ കഴിയുന്നതോടെ വളരെ നേര്‍ത്തതായി തീരും. മുകളില്‍നിന്ന് ഒഴുകി പാറക്കൂട്ടങ്ങള്‍ക്കിടയിലൂടടെ ചിന്നിച്ചിതറി താഴേക്ക് പതഞ്ഞപാല്‍ പോലെയാണ് ജലധാരയുടെ ഒഴുക്ക്.
വെള്ളച്ചാട്ടത്തിൻ്റെ അടുത്തേക്കുള്ള വഴിയുടെ വശങ്ങള്‍ ഹാൻ്റ് റൈല്‍ ഇട്ട് ബലപ്പെടുത്തുകയും, അപകടങ്ങള്‍ ഒഴിവാക്കാനായി വേലികള്‍ കെട്ടിത്തിരിക്കുകയും വെള്ളത്തില്‍ ചവിട്ടാതെ ഒരു കരയില്‍ നിന്ന് മറുകരയിലേക്ക് എത്തുവാനായി ചെറിയ പാലവും വെള്ളത്തിലേക്ക് ഇറങ്ങുവാന്‍ കരിങ്കല്‍ കൊണ്ട് പടവുകളും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള പ്രത്യേക സൗകര്യവും ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അളകാപുരി വെള്ളച്ചാട്ടത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1600 അടി ഉയരത്തിലാണ് ശശിപ്പാറ വ്യൂപോയിൻ്റ്. അളകാപുരിയിലേക്കും അടുത്തുള്ള ശശിപ്പാറയിലേക്കും 50 രൂപ ടിക്കറ്റ് നിരക്കിലാണ് പ്രവേശനം.
advertisement
വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ അളകാപുരിയിൽ കൂടുതല്‍ സൗകര്യമൊരുക്കാനുള്ള പ്രവര്‍ത്തികളും പുരോഗമിക്കുന്നുണ്ട്. പ്രദേശത്തെ മലിനമാക്കാതിരിക്കാനായി ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കണ്ണൂര്‍-മയ്യില്‍-ശ്രീകണ്ഠപുരം-പയ്യാവൂര്‍-കാഞ്ഞിരക്കൊല്ലി വഴിയും തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് വളക്കൈ-ശ്രീകണ്ഠാപുരം-പയ്യാവൂര്‍-ചന്ദനക്കാംപാറ-കാഞ്ഞിരക്കൊല്ലി വഴിയും ഇരിട്ടിയില്‍ നിന്ന് വരുന്നവര്‍ക്ക് ഇരിട്ടി-ഉളിക്കല്‍-മണിക്കടവ്-കാഞ്ഞിരക്കൊല്ലി വഴിയും അളകാപുരി വെള്ളച്ചാട്ടത്തിനടുത്തേക്കെത്താം.