അമ്മ മെനഞ്ഞെടുക്കുന്ന ഓരോ വസ്ത്രങ്ങളിലും സ്‌നേഹ തൻ്റെ വര്‍ണ്ണ ചിത്രങ്ങളെ പകര്‍ത്താറുണ്ട്. ഛായ കൂട്ടുകള്‍ വസ്ത്രങ്ങളിലെ നൂലിഴകളില്‍ തൊട്ടുചലിക്കും. മണിക്കൂറുകളുടെ പരിശ്രമത്തിനിടയില്‍ കൂടെയുള്ളവരുടെ മുഖത്തെ പുഞ്ചിരിയാണ് സ്‌നേഹയുടെ ആത്മവിശ്വാസം. നാട്ടിലെ തെയ്യവും തിറയും മുത്തപ്പനുമെല്ലാം കെട്ടിയാടുമ്പോൾ സ്നേഹയുടെ കണ്ണുകളും കൈവിരലും ഒപ്പം ആടുകയായിരുന്നു. എന്തിനയോ തേടി നടക്കും പോലെ... മിഴികൾ ഒപ്പിയെടുത്ത ഓരോ രംഗവും വർണ്ണ കൂട്ടിലൂടെ ചലിക്കുന്ന ഛായ ചിത്രങ്ങളാകും വരെ സ്നേഹ വിശ്രമിച്ചില്ല.
ഭഗവതി, സ്നേഹയുടെ രചന
advertisement
കുട്ടിക്കാലം മുതല്‍ ഇന്നു വരെ താന്‍ ജീവന്‍ നല്‍കിയ ഛായചിത്രങ്ങള്‍ തലശ്ശേരിയിലെ ആര്‍ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചതും സ്‌നേഹയ്ക്ക് അതിയേറെ സന്തോഷം നല്‍കുന്നു. അതേസമയം ഗ്രാഫ്റ്റ് ഡിസൈനിങ് വര്‍ക്കുകള്‍ ചെയ്യാനും തനിക്ക് സാധിക്കുമെന്ന് തെളിയിക്കുകയാണ് സ്‌നേഹ. കാന്‍വാസിലെ ചിത്രങ്ങളോടൊപ്പം തന്നെ ഗ്രാഫ്റ്റില്‍ സാധ്യമായ പരീക്ഷണവും സ്‌നേഹ ആരംഭിച്ചിരിക്കുന്നു. മാല, കമ്മല്‍ എന്നിവയുടെ ഹാൻ്റ് വര്‍ക്ക് നിര്‍മ്മാണത്തിലും ഈ മിടുക്കി ശ്രദ്ധ ചെലുത്തുന്നു. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ വഴി തൻ്റെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന തിരക്കിലാണ് സ്‌നേഹ ഇപ്പോള്‍.
തലശ്ശേരി നിടുംമ്പ്രം സ്വദേശിനി സ്‌നേഹ ഒരു കുടുംബിനി കൂടിയാണ്. ഒന്നരവയസ്സുള്ള മകളുള്ള സ്‌നേഹ കുഞ്ഞിനെ ശുശ്രൂഷിച്ചും പരിപാലിച്ചും കിട്ടുന്ന ഇടവേളകളിലാണ് തൻ്റെ കലാമേഖലയെയും മുന്നോട് കൊണ്ടുപോകുന്നത്. ഭര്‍ത്താവിൻ്റെയും മാതാപിതാക്കളുടെയും പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവുമാണ് തനിക്ക് വരയിലൂടെ വളരാന് സാധിക്കുന്നതെന്നും സ്‌നേഹ പറയുന്നു. ഡിഗ്രി പൂര്‍ത്തിയാക്കിയ സ്‌നേഹയ്ക്ക് ഡിസൈനിംങ് മേഖലയില്‍ പ്രവര്‍ത്തിക്കാനും താല്‍പര്യമേറെയാണ്.