മഴയുടെ ആരംഭത്തില്‍ മാടായിപ്പാറ പച്ചപുതച്ചിരുന്നു. പതിയെ പച്ചയ്ക്ക് മേല്‍ പതുക്കെ നീലമൊട്ടുകള്‍ വിടര്‍ന്നു തുടങ്ങി. ഇന്ന് നീല പുതപ്പ് പുതച്ചിരിക്കുന്നു. യൂട്ട്രിക്കുലെറിയ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന പൂവ് ഇത്രയധികം പൂത്തുനില്‍ക്കുന്ന അപൂര്‍വ സ്ഥലങ്ങളിലൊന്നാണിവിടം. ഏഴിമലയുടെ താഴ്വരയിലെ നീല വസന്തം പ്രകൃതിയൊരുക്കുന്ന വിരുന്നായാണ് വിനോദ സഞ്ചാരികള്‍ കണക്കാക്കുന്നത്. പുല്ലിനോടൊപ്പമാണ് മാടായിപ്പാറയില്‍ കാക്കപ്പൂ കാണപ്പെടുന്നത്. ഏകദേശം 600 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശത്തെ നീല വസന്തത്തെ തേടി എത്തുന്ന കാഴ്ച്ചക്കാരും ഏറെ.
advertisement
ഓണക്കാലമാവുമ്പോള്‍ കുട്ടികളും വലിയവരുമെല്ലാം ഒരുമിച്ചു ഒത്തുകൂടി കാക്കപ്പൂ പറിക്കാന്‍ വരുന്ന സ്ഥലമാണ് മാടായിപ്പാറ. കൃഷ്ണ പൂവ്, തുമ്പ പൂവ്, എള്ളിന്‍ പൂവ്, പാറനീലി, തുടങ്ങി അപൂര്‍വ്വ ഇനം പൂക്കളും ഇവിടെ കാണാം. ഓണം പ്രമാണിച്ച് പൂക്കളമിടാന്‍ ഒരുപിടി കാക്കപ്പൂക്കള്‍ ഇത്തവണയും മാടായിപ്പാറയിലെ ആളുകള്‍ക്ക് ലഭിക്കും.