പാലം പണിത എന്‍ജിനിയര്‍മാരില്‍ ഒരാളായ ടി എല്‍ മൊയ്തുവിൻ്റെ പേരാണ് ബ്രിട്ടീഷുകാര്‍ പണിപൂര്‍ത്തിയായപ്പോള്‍ പാലത്തിന് നല്‍കിയത്. പാലം ഏറെക്കാലം നീണ്ടുനില്‍ക്കാന്‍ കഷ്ടിച്ചു ഒരു ഭാരവാഹനത്തിന് മാത്രം പോകാവുന്ന വീതിയിലാണ് നിര്‍മിച്ചത്. ഒരു വാഹനം പാലത്തിലൂടെ കടന്നുപോകുമ്പോള്‍ അപ്പുറം മറ്റുവാഹനങ്ങള്‍ കാത്ത് നില്‍ക്കണം എന്നായിരുന്നു തീരുമാനം. പാലത്തിൻ്റെ സുരക്ഷയെ കരുതിയാണ് ഇത്തരത്തിലെ നിര്‍മ്മാണം. ബ്രിട്ടീഷുകാരുടെ ആ തീരുമാനം ഏതായാലും ശരിയായി മാറി. ഇന്നും മൊയ്തു പാലം തലയെടുപ്പോടെ ദേശീയപാത 17-ല്‍ കണ്ണൂര്‍-തലശേരി നഗരങ്ങളെ ബന്ധിപ്പിച് നില്‍ക്കുന്നു.
advertisement
കാലം കടന്നുപോയി... 2016 ഫെബ്രുവരി 29ന് പുതിയ മൊയ്തു പാലം രൂപപ്പെട്ടു. സുരക്ഷ മുന്‍നിര്‍ത്തി പതിയെ പഴയ മൊയ്തുപാലത്തിലെ യാത്ര വിലക്കപ്പെട്ടു, പ്രതാപം നഷ്ടമായ പഴയ മൊയ്തു പാലത്തിലൂടെ ഇരുചക്രവാഹനങ്ങള്‍ ഇടവേളകളില്‍ ഇപ്പോഴും പോകുന്നു എന്നതാണ് ആശ്വാസം. പത്ത് വര്‍ഷത്തോളം ഉപയോഗിക്കാതെ കിടക്കുന്ന മൊയ്തു പാലം പുതുജീവിതത്തിലേക്ക് നടന്നുവരികയാണിപ്പോള്‍.
ചരിത്രത്തിൻ്റെ സ്പന്ദനം നിറഞ്ഞ പഴയമൊയ്തു പാലത്തെ യവനികയില്‍ മറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. മറിച്ച് ബ്രിഡ്ജ് ടൂറിസം എന്ന വലിയ വിനോദസഞ്ചാരത്തിലേക്ക് ഈ പാലത്തിലൂടെ പോകാനുള്ള തയ്യാറെടുപ്പ് അതിവേഗം തുടരുകയാണ്. തലശ്ശേരിക്കും കണ്ണൂരിനുമിടയിലെ പഴയ മൊയ്തു പാലം ഉപയോഗപ്പെടുത്തി കണ്ണൂരിലെ ടൂറിസം സര്‍ക്യൂട്ടിന് കളമൊരുങ്ങും. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തികളും പുരോഗമിക്കുന്നു. പാലം ബലപ്പെടുത്തി ബ്രിഡ്ജ് ടൂറിസം പദ്ധതി നടപ്പായാല്‍ തലശ്ശേരി മണ്ണിനെ കാത്തിരിക്കുന്നത് ചരിത്രത്തിൻ്റെ മറ്റൊരു ഏടാണ്.