കാഴ്ചയില്‍ ചേരപ്പാമ്പ് കിടന്നത് പോലെയാണ് ഈ പാറക്കൂട്ടത്തിൻ്റെ കിടപ്പ്. അതിനാല്‍ ഇതിന് ചേരക്കല്ല് എന്ന് പറയുന്നു. കടലില്‍ പെട്ടു പോയ ഒരു ചേര രക്ഷാമാര്‍ഗം തേടി ഈ കല്ലിലെത്തുകയും അങ്ങനെ ചേര രക്ഷപ്പെട്ടതിൻ്റെ കഥയുമായി ബന്ധപ്പെട്ട് ചേരക്കല്ല് എന്ന് വിളിക്കപ്പെട്ടു എന്നും പറയുന്നപ്പെടുന്നു. ഒരു നാള്‍ നാട് വാഴുന്ന ചേരമാന്‍ പെരുമാള്‍ കടല്‍ കാഴ്ച കാണാന്‍ ഏഴര കടപ്പുറത്തെത്തി. തിരമാലകള്‍ ആര്‍ത്തിരമ്പുന്ന കടലിലെ സുന്ദര ശില്‍പം അദ്ദേഹം ഏറെ നേരം നോക്കി നിന്നു. ഈ കല്ലില്‍ നിന്നും കണ്ണെടുക്കാനാവാതെ അദ്ദേഹം ഇത് തൻ്റെ സാമ്രാജ്യത്തിലാക്കാന്‍ ആഗ്രഹിച്ചു. തിരുവായ്ക്ക് എതിര്‍വാക്കില്ലാത്ത കാലത്ത് പെരുമാളിൻ്റെ ആഗ്രഹം പോലെ തന്നെ ഇതും ചേരമാന്‍ സാമ്രാജ്യത്തിലേക്ക് ചേര്‍ത്തു. അതോടെയാണ് ഈ പാറക്കൂട്ടത്തിന് ചേരക്കല്ല് എന്ന് പേര് വന്നതെന്നാണ് ഒരു കഥ. എന്നാല്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ കാണാന്‍ ചേരമാന്‍ പെരുമാള്‍ മക്കയിലേക്ക് യാത്ര പുറപ്പെടും മുമ്പ് ഇവിടെ തങ്ങിയതായും ഇവിടെ നിന്നാണ് ഉരുവില്‍ മക്കയിലേക്ക് പോയതെന്നും പറയപ്പെടുന്നു.
advertisement
അഞ്ഞൂറോളം സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതി ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന ചേരക്കല്ല്, ഒരു കാലത്ത് വലിയ തോതില്‍ വെട്ടി മാറ്റപ്പെട്ടിടുണ്ട്. ഇതില്‍ നിന്നുള്ള കല്ല് കടലേറ്റത്തെ തടയാന്‍ ഒരു കാലത്ത് ഉപയോഗിച്ചിരുന്നു. ചേരക്കല്ലിന് ചുറ്റും കടലില്‍ പാറക്കഷണങ്ങള്‍ കാണപ്പെടുന്നത് ഒരു കാലത്ത് നല്ല കയ്യേറ്റം ഇവിടെ നടന്നതിൻ്റെ തെളിവാണ്. ഇന്ന് 100 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള ചേരക്കല്ലിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ഇവിടെ എത്താറുണ്ട്. വേലിയിറക്ക കാലത്ത് രാത്രിയായാല്‍ പോലും ചേരക്കല്ല് കാണാൻ പ്രത്യേക ഭംഗിയാണ്.
