കണ്ണൂർ: നിർധനർക്ക് വീട് വെക്കാൻ ഒരേക്കറോളം ഭൂമി സൗജന്യമായി വിട്ടുനൽകി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി. കണ്ണൂർ ചപ്പാരപ്പടവ് ലോക്കൽ സെക്രട്ടറി ടോമി മൈക്കിൾ ആണ് വ്യത്യസ്തമായ പ്രവർത്തനത്തിലൂടെ ജനശ്രദ്ധ നേടിയത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ടോമി മൂന്നുവർഷം മുമ്പാണ് പാർട്ടി ലോക്കൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്.
ഐആർപിസി ഉൾപ്പെടെയുള്ള പാലിയേറ്റീവ് പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച ടോമി, ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന നേതാവ് കൂടിയാണ്. തന്റെ നാടു കൂടിയായ എടക്കോത്ത് സിപിഎം ബ്രാഞ്ച് ഓഫീസിന്റെ
advertisement
ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഒരേ ഏക്കറോളം ഭൂമി നിർധനർക്ക് നൽകാൻ അദ്ദേഹം തീരുമാനിച്ചത്. ടോമിയും സഹോദരി ഭർത്താവും 25 ലക്ഷം രൂപ ചെലവാങ്ങി വാങ്ങിയ ഒരേക്കർ 8 സെന്റ് സ്ഥലമാണ് പതിനൊന്നോളം കുടുംബങ്ങൾക്കായി വീതിച്ച് നൽകുന്നത്.
Also Read- മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിൽ എത്തി; മടക്കം യുഎഇ വഴി
അർഹരായ ആളുകളെ കണ്ടെത്തുന്നതിന് വേണ്ടി ഒരു ജനകീയ കമ്മിറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്. ജൂലൈ 10 വരെ അപേക്ഷ സ്വീകരിച്ച് തീർത്തും നിർധനരായ ആളുകളുടെ പട്ടിക തയ്യാറാക്കിയാണ് ഭൂമി പതിച്ചു നൽകുക. റോഡ്, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിനുശേഷം ആണ് ആളുകൾക്ക് ഭൂമി നൽകുന്നത്.
ഭൂമി ലഭിക്കുന്നവർക്ക് വീട് വെക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ഏതെങ്കിലും സംഘടനകൾ രംഗത്ത് വരുമെന്നാണ് ഇവരുടെ പ്രതീക്ഷ. പാർട്ടി ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു പ്രവർത്തനം നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് എടക്കോം ബ്രാഞ്ചിലെ പാർട്ടി കുടുംബങ്ങൾ.