അന്ന് പള്ളപ്പൊയിലില്‍ കാറ്റില്‍ പൊട്ടിവീണ തെങ്ങിൻ്റെ അകത്ത് രണ്ട് മൂങ്ങ കുഞ്ഞുങ്ങള്‍ അകപ്പെട്ടു. അതിലൊന്നിൻ്റെ ജീവന്‍ നഷ്ടമായി. മറ്റൊന്നിനെ വനം വകുപ്പിൻ്റെ അറിവോടെ സന്ദീപ് വീട്ടിലേക്ക് കൊണ്ടു വന്നു. അന്ന്‌തൊട്ട് കുഞ്ഞ് മൂങ്ങ സന്ദീപിൻ്റെ വീട്ടിലെ അംഗമായി. ഇന്ന് സന്ദീപിൻ്റെ പിതാവ് മോഹനനും മാതാവ് നന്ദിനിക്കും തൻ്റെ കുഞ്ഞിനെ പോലെയാണ് ഈ മൂങ്ങ.
advertisement
ചെറിയ ചിക്കന്‍ കഷ്ണങ്ങള്‍ ആണ് മൂങ്ങയ്ക്ക് ആഹാരം. പതിയെ തൂവലും ചിറകും മുളച്ചതും കണ്ണ് തുറന്നതും കുഞ്ഞൻ്റെ പതിയെയുള്ള വളര്‍ച്ചയും വീട്ടിലുള്ള എല്ലാവരും ആസ്വദിച്ചു. ഇന്ന് സ്വാഭാവിക വേട്ടയാടലിലും മൂങ്ങ കുഞ്ഞന്‍ മിടുക്കനാണ്. രാത്രി എല്ലാവരും ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ഇദ്ദേഹം ഇര പിടിക്കാന്‍ പുറത്തേക്കിറങ്ങും. രാവിലെ വീട്ടുകാര്‍ ഉണരുമ്പോഴേക്കും തിരിച്ചെത്തും. വീട്ടിലെ ആളുകള്‍ എഴുന്നേറ്റ് വാതില്‍ തുറക്കും വരെ മൂങ്ങ പുറത്തിരിക്കും. വാത്സല്യത്തോടെ വീട്ടുകാര്‍ കൈ നീട്ടുമ്പോള്‍ മടിയിലും കൈയിലും ചുമലിലും പറന്നുവന്നിരിക്കും. ഒരു കുഞ്ഞിനെ ലാളിക്കുന്ന പോലെയാണ് സന്ദീപും വീട്ടുകാരും ഈ മൂങ്ങയെ സ്‌നേഹിക്കുന്നത്.