വാഴയില്‍ ആദ്യം എത്തിയത് ഉപ്പു ചേര്‍ക്കാത്ത ചോറാണ്. പിന്നാലെ മറ്റ് വിഭവങ്ങളും നിരന്നു. കാരറ്റ്, പപ്പായ, തക്കാളി, ബീറ്റ്‌റൂട്ട്, കക്കിരി, ഉറുമാന്‍ പഴം, പേരയ്ക്ക, സപ്പോട്ട, നെല്ലിക്ക, ചെറുപഴം, വത്തക്ക, പൈനാപ്പിള്‍, വെള്ളരി, സബര്‍ ജില്ലി, മത്തന്‍, കോവയ്ക്ക, സര്‍ബത്തിന്‍ കായ എന്നിങ്ങനെ സദ്യയിലാകെ 18 ഇന വിഭവങ്ങള്‍ നിരന്നു. അപ്പോഴേക്കും വാനരപ്പട പ്രദേശത്ത് എത്തിക്കഴിഞ്ഞു. സദ്യ ഉണ്ണാനെത്തിയ വാനരപ്പടയെ കാണാന്‍ ചുറ്റും ആളുകള്‍ കൗതുകത്തോടെ കാത്തിരുന്നു. വിളമ്പലിനിടയില്‍ തന്നെ കുരങ്ങുകള്‍ വാരിക്കഴിച്ചുതുടങ്ങിയിരുന്നു. സ്റ്റീല്‍ ഗ്ലാസിലാണ് വെള്ളം നല്‍കിയത്.
advertisement
കാവിലെ മുപ്പതോളം വരുന്ന വാനരര്‍ക്ക് ഇടയിലെക്കാട്ട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് ഓണസദ്യ വിളമ്പിയത്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി മുറതെറ്റിക്കാതെ നല്‍കിവരുന്ന ഓണസദ്യയാണ് ഇത്തവണയും തുടര്‍ന്നത്. ചാലില്‍ മാണിക്കമ്മയുടെ വീട്ടില്‍ നിന്നാണ് പഴങ്ങളും പച്ചക്കറികളും ബാലവേദി പ്രവര്‍ത്തകരും മുതിര്‍ന്നവരും നുറുക്കിയെടുത്തത്. മാണിക്കമ്മ കൈമാറിയ വിഭവങ്ങളുമായി ഓണപ്പാട്ടുകള്‍ പാടിയായിരുന്നു കുട്ടികള്‍ കാവിലേക്ക് എത്തിയത്. കാവിലെത്തുന്ന സഞ്ചാരികള്‍ കൊടുക്കുന്ന പലതരം ഭക്ഷണങ്ങള്‍ കുരങ്ങുകളെ ഗുരുതരമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിൻ്റെ പശ്ചാത്തലത്തിലാണ് ഗ്രന്ഥശാല സദ്യ ഒരുക്കി വരുന്നത്.
ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. വേണുഗോപാലന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം, ഗ്രന്ഥാലയം സെക്രട്ടറി വി.കെ. കരുണാകരന്‍, പ്രസിഡൻ്റ് കെ. സത്യവ്രതന്‍, ബാലവേദി കണ്‍വീനര്‍ എം. ബാബു, വി. റീജിത്ത്, എം. ഉമേശന്‍, പി.വി. സുരേശന്‍, വി. ഹരീഷ്, കെ.വി. രമണി, വി.വി. സിന്ധു, സി. ജലജ എന്നിവര്‍ സംസാരിച്ചു. വേറിട്ട അനുഭൂതി ഏകുന്ന വാനരപ്പടയുടെ ഓണസദ്യ നേരിട്ട് കണ്ട് ആസ്വദിക്കാൻ വന്‍ ജനാവലി തന്നെ പ്രദേശത്തെത്തിയിരുന്നു.