കേന്ദ്ര ടൂറിസം മന്ത്രാലയം തീര്‍ഥാടക ടൂറിസത്തിൻ്റെ ഭാഗമായി അനുവദിച്ച തുകയും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയ തുകയുമടക്കം ഒരു കോടി 93 ലക്ഷം രൂപ ഉപയോഗിച്ചാണ് കളരി അക്കാദമിയും മ്യൂസിയവും യാഥാര്‍ഥ്യമാകുന്നത്. ആദ്യഘട്ടം എന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ മ്യൂസിയത്തിന് രണ്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് ആരംഭിച്ചത്.
സാംസ്‌കാരിക വകുപ്പും ഫോക്ലോര്‍ അക്കാദമിയും തലശേരി പൈതൃക ടൂറിസത്തിൻ്റെ ബാനറില്‍ പാട്യം ഗോപാലന്‍ സ്മാരക വായനശാലയുടേയും ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോെട ഇവിടെ കളരി മാമാങ്കമായ പൊന്ന്യത്തങ്കം ഒരുക്കിവരുന്നു. കേട്ടറിഞ്ഞ കഥകളേയും നായകന്മാരേയും പുനരാവിഷ്‌ക്കരിച്ച് 10 വര്‍ഷത്തിലേറെയായി ഏഴരക്കണ്ടത്ത് ചേകവര്‍ അങ്കംകുറിച്ചുവരികയാണ്. ഇത് ഏറെ ജനശ്രദ്ധയാകര്‍ഷിച്ച പരിപാടിയായി മാറി.
advertisement
തലശ്ശേരി എംഎല്‍എ കൂടിയായ സ്പീക്കര്‍ എ.എന്‍. ഷംസീറിൻ്റെ അഭ്യര്‍ഥനമാനിച്ച് 2023-ലെ സംസ്ഥാന വാര്‍ഷികബജറ്റില്‍ എട്ടുകോടി രൂപ അക്കാദമി നിര്‍മാണത്തിനായി നീക്കിവെച്ചിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയസമിതി രൂപവത്കരിച്ച് ഒരുകോടിയോളം രൂപയും സമാഹരിച്ചു. അതോടൊപ്പം പാനൂര്‍ ബ്ലോക്ക് പഞ്ചായത്തും കതിരൂര്‍ ഗ്രാമപ്പഞ്ചായത്തും ചേര്‍ന്ന് ഏതാണ്ട് ഒരേക്കറോളം സ്ഥലം ഏറ്റെടുത്തു. ഏറ്റെടുത്ത സ്ഥലത്ത് ഊരാളുങ്കലിൻ്റെ നേതൃത്വത്തില്‍ സാധ്യതാപഠനം നടത്തുന്ന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിൻ്റെ സ്വദേശ് ദര്‍ശന്‍ 2.0-ല്‍ ഉള്‍പ്പെടുത്തി തലശ്ശേരി നിയോജകമണ്ഡലത്തില്‍ 25 കോടിയുടെ പ്രത്യേക പദ്ധതിക്ക് അനുമതി ലഭിച്ചത്.
ആദ്യഘട്ടമായി സ്ഥലം നിരപ്പാക്കല്‍ തുടങ്ങി. കളരിമ്യൂസിയത്തില്‍ 20 സെൻ്റില്‍ കളരി പരിശീലന കേന്ദ്രം, 38 സെൻ്റില്‍ മ്യൂസിയം, അക്കാദമി ഓഫീസ് എന്നിവയും നിര്‍മിക്കും. ഉഴിച്ചല്‍ കേന്ദ്രമടക്കമുള്ള സൗകര്യങ്ങളുമുണ്ടാകും. ഡിസംബറില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് കളരി അക്കാദമി മ്യൂസിയം നാടിന് സമര്‍പ്പിക്കാനാണ് ലക്ഷ്യം.