മികവുറ്റ കലാപ്രതിഭകളുടെ കലാമാമാങ്കത്തില്‍ 925 പോയിൻ്റോടെ മട്ടന്നൂര്‍ രണ്ടാമതായി. 901 പോയിൻ്റുമായി കണ്ണൂര്‍ സൗത്ത്, 897 പോയിൻ്റുമായി ഇരിട്ടി, 890 പോയിൻ്റുമായി തളിപ്പറമ്പ് നോര്‍ത്ത് എന്നിവ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ നേടി. സ്‌കൂളുകളില്‍ 384 പോയിൻ്റോടെ മമ്പറം എച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യരായി. 301 പോയിൻ്റോടെ കണ്ണൂര്‍ സെൻ്റ് തെരേസാസ് എഐഎച്ച്എസ്എസ് റണ്ണറപ്പായി. 268 പോയിൻ്റുള്ള മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്എസ്എസാണ് മൂന്നാമത്. യുപി വിഭാഗത്തില്‍ 60 പോയിൻ്റോടെ പയ്യന്നൂര്‍ സെൻ്റ് മേരീസ് ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് ഒന്നാമതെത്തി. ഹൈസ്‌കൂള്‍ 171 പോയൻ്റ് വീതം നേടി മമ്പറം എച്ച്എസ്എസും കടമ്പൂര്‍ എച്ചഎസ്എസും ഒന്നാം സ്ഥാനം പങ്കിട്ടു.
advertisement
കണ്ണൂര്‍ ജിവി എച്ച്എസ്എസ് ഉള്‍പ്പെടെ 13 വേദികളിലായി നടന്ന കലാരൂപം കാണാന്‍ ആയിരങ്ങളാണ് എത്തിയത്. സമാപന സമ്മേളനം സിറ്റി പൊലീസ് കമീഷണര്‍ പി നിധിന്‍രാജ് ഉദ്ഘാടനം ചെയ്തു. ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, നടി നിഹാരികാ എസ് മോഹന്‍ എന്നിവര്‍ മുഖ്യാതിഥികളായി. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുള്ള പതിനായിരത്തിലധികം കൗമാരകലാകാരന്മാര്‍ ഇഞ്ചോടിച്ച് മത്സരിച്ച കലാലോകമായിരുന്നു അഞ്ചുനാള്‍. ചിലര്‍ പാതിവഴിയില്‍ വീണപ്പോള്‍ വിജയശ്രീലാളിതരായ മറ്റുചിലര്‍ സംസ്ഥാന കലോത്സവം നടക്കുന്ന തൃശൂരിലേക്ക് യാത്ര തിരിക്കും.
