എല്ലാ മാസവും അമാവാസി ദിനത്തില്‍ ബലിതര്‍പ്പണം നടത്താമെങ്കിലും കര്‍ക്കടക മാസത്തിലെ തര്‍പ്പണത്തിന് പ്രാധാന്യമേറെയാണ്. വറുതിയുടെ കാലമാണെങ്കില്‍ പോലും രാമായണ പാരായണത്തിൻ്റേയും വിശുദ്ധിയുടേയും മാസമാണ് കര്‍ക്കടക മാസം. ഈ നാളിലെ അമാവാസി തര്‍പ്പണം പിതൃക്കള്‍ക്ക് പ്രിയപ്പെട്ടതും.
പിതൃക്കള്‍ക്ക് ഭക്ത്യാചാരപൂര്‍വ്വം ഭക്ഷണവും പൂജയും അര്‍പ്പിക്കുക എന്നതാണ് ബലികൊണ്ട് അര്‍ഥമാക്കുന്നത്. ചടങ്ങുകള്‍ ചെയ്യാന്‍ മനസ്സും ശരീരവും കര്‍മവും വ്രതത്തിലൂടെ ശുദ്ധീകരിക്കണമെന്ന് നിര്‍ബന്ധമുണ്ട്... ഈ വ്രതത്തെ 'ഒരിക്കല്‍' എന്ന് പറയുന്നു. മത്സ്യമാംസാദികള്‍, മദ്യം, പഴകിയതും ചൂടാറിയതുമായ ഭക്ഷണം വര്‍ജ്ജിക്കണം. വ്രത ശുദ്ധിയില്‍ തര്‍പ്പണം ചെയ്ത് തുടങ്ങുന്ന ഭക്തര്‍ തര്‍പ്പണം കഴിഞ്ഞ് മാത്രമേ ഭക്ഷണമോ വെള്ളമോ കുടിക്കൂ...
advertisement
മരിച്ച് പോയ പിതൃക്കള്‍ക്കായി ബലി തര്‍പ്പണം അര്‍പ്പിക്കാന്‍ പുലര്‍ച്ചേ തന്നെ ആളുകള്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ എത്തി. രാവിലെ 5 മണിയോടെ ക്ഷേത്ര സന്നിധിയില്‍ അമാവാസി തര്‍പ്പണം ആരംഭിച്ചു. ഒരേ സമയം 1000 പേര്‍ക്ക് ഒരുമിച്ച് കര്‍മ്മം നടത്താനുള്ള സൗകര്യമാണ് ക്ഷേത്രമുറ്റത്ത് ഒരുക്കിയത്. പൂര്‍വ്വികര്‍ക്ക് എള്ള്, ഉണക്കലരി, പൂക്കള്‍, ജലം, ദര്‍ഭപ്പുല്ല് എന്നീ പൂജാദ്രവ്യങ്ങള്‍ അര്‍പ്പിച്ചും മന്ത്രങ്ങള്‍ ജപിച്ചും ബലിയിട്ട് പിതൃക്കള്‍ക്ക് മോക്ഷം നല്‍കി.