സുബ്രപ്മണ്യസ്വാമി ക്ഷേത്ര ബലിക്കല്ലിന് മുന്നിലെത്തിയ കേളോത്ത് തറവാട്ട് സംഘത്തെ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. മതത്തിൻ്റെ അതിര്‍വരമ്പിലാതെ മതമൈത്രിയുടെ സന്ദേശം ലോകത്തോട് വിളിച്ചോതുന്ന കാഴ്ചയാണ് ഇവിടെ. കേളോത്ത് എന്ന ദേശത്തിന് സ്ഥലനാമം നല്‍കിയ പുരാതന മുസ്ലീം തറവാടായ കേളോത്ത് തറവാട് സുബ്രപ്മണ്യസ്വാമി ക്ഷേത്രവുമായി നൂറ്റാണ്ടുകളുടെ ബന്ധമാണ്. ഇന്നും ഈ തറവാട് കെടാദീപം തെളിയിച്ച് പോരുന്നു എന്നതും ഇന്നത്തെ തലമുറകള്‍ക്ക് ആശ്ചര്യമാണ്. ഈ കെടാദീപത്തിന് മുന്നില്‍ നിന്നാണ് തറവാട് കാരണവര്‍ പുതിയ മണ്‍കലത്തില്‍ പഞ്ചസാര നിറച്ച് പഞ്ചസാരക്കലവുമായി ക്ഷേത്രത്തിലെത്തുന്നത്.
advertisement
ക്ഷേത്രത്തിലെ വലിയ ബലിക്കല്ലിന് സമീപത്തെ നിറഞ്ഞുകത്തുന്ന തട്ടുവിളക്കിന് മുന്നില്‍ നിന്ന് തറവാട്ടുകാര്‍ പഞ്ചസാര മണ്‍കലം ദൈവത്തിന് സമര്‍പ്പിച്ചു. കലവറ സൂക്ഷിപ്പുകാരന്‍ ഈ മണ്‍കലം നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ച് ഭഗവാന് സമര്‍പ്പിക്കുന്നതോടെ ചടങ്ങ് പൂര്‍ണമായി. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് നല്‍കിയ പഴക്കുല ഉള്‍പ്പെടെ സ്വീകരിച്ചാണ് തറവാട് സംഘം തിരികെ മടങ്ങിയത്.