വര്‍ഷത്തില്‍ ഒരു കാലയളവില്‍ മാത്രം ആളുകള്‍ക്ക് പ്രവേശനമുള്ള മണ്ണ്. ഇടവമാസത്തിലെ ചോതി നക്ഷത്രത്തില്‍ തുറന്ന് മിഥുന മാസത്തിലെ ചിത്തിര നക്ഷത്രത്തില്‍ അടയ്ക്കുന്ന അക്കരെ കൊട്ടിയൂര്‍ അമ്പലം ദക്ഷയാഗം നടന്ന സ്ഥലമാണ്. സതീദേവിയുടെ പിതാവ് ദക്ഷന്‍ നടത്തുന്ന യാഗത്തിലേക്ക് ക്ഷണിക്കാതെ ചെന്ന് അപമാനിതയായ ശിവ പത്‌നി സതീദേവി ഹോമകുണ്ഡത്തില്‍ ചാടി ദേഹത്യാഗം ചെയ്തയിടമാണിവിടം.
അക്കരകൊട്ടിയൂരിലൂള്ള ഒരു സ്വയംഭൂലിംഗമാണ് ആരാധനാമൂര്‍ത്തി. മണിത്തറ എന്നു വിളിക്കുന്ന പുഴയില്‍ നിന്നു ശേഖരിക്കുന്ന വെള്ളാരം കല്ലുകള്‍ കൊണ്ടാണ് ശിവലിംഗത്തിനു പീഠം നിര്‍മിക്കുന്നത്. ഓല കൊണ്ടാണ് ശ്രീകോവില്‍ തീര്‍ത്തിരിക്കുന്നത്. തികച്ചും വെള്ളാത്താല്‍ ചുറ്റപ്പെട്ട ഇടത്താണ് ശ്രീകോവില്‍. ഐതീഹ്യം കൊണ്ടും പരമ്പരാഗത ചടങ്ങുകള്‍ക്കൊണ്ടും ക്ഷേത്രത്തിലെ പൂജകള്‍ വരെ വേറിട്ടതാണ്.
advertisement
സതിയുടെ മരണത്തില്‍ കോപം കൊണ്ട് ശിവന്‍ ദക്ഷനെ വധിച്ച് ചുഴറ്റിയെറിഞ്ഞ ഉടവാള്‍ വയനാടന്‍ മലമടക്കുകള്‍ കടന്ന് മുതിരേരിയില്‍ വന്നു വീണു എന്നതാണ് ഐതിഹ്യം. ഈ വാള്‍ ക്ഷേത്രത്തിലെക്ക് എഴുന്നള്ളിച്ചു കൊണ്ടു വരുന്നതോടെയാണ് മഹോത്സവം തുടങ്ങുന്നത്. 28 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം നെയ്യാട്ടത്തില്‍ തുടങ്ങി തിരുകലാശാട്ടത്തോടെയാണ് സമാപിക്കുക. ഉത്സവത്തിന് പ്രത്യേക ദിവസങ്ങളിലാണ് സ്ത്രീകള്‍ക്ക് പ്രവേശനം അരുളുന്നത്.
ദക്ഷയാഗം നടത്തിയ കർമ്മിയുടെ താടി പ്രസാദമായി നൽകുന്ന ഇന്ത്യയിലെ ഏകദേവസ്ഥാനമാണ് അക്കരെ കൊട്ടിയൂർ. വാസ്തു ദോഷം, ഗുളിക ദോഷം, ശനി ദോഷം, രാഹു കേതു ദോഷങ്ങൾ എന്നിവ മാറി ഐശ്വര്യം ഉണ്ടാകാനായി ഓടപ്പൂവ് വീടുകളിലും വാഹനങ്ങളിലും സ്ഥാപിച്ചുവരുന്നു. ഐശ്വര്യത്തിന്‍റെ പ്രതീകമായാണ് ഓടപ്പൂവിനെ ഭക്തജനങ്ങൾ കണക്കാക്കുന്നത്. ഉത്സവം ആരംഭിച്ചാല്‍ വൈശാഖ ഭൂമിയില്‍ മഴയില്‍ കുതിര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയില്‍ അലിഞ്ഞു ചേരാൻ കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് ഭക്തരാണ് നിത്യേന യാഗ ഭൂമിയിലെത്തുന്നത്.