റോഡ് വികസനത്തിനായി രൂപീകരിച്ച ഓഫ് റോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാളവണ്ടി സമരം നടന്നത്. ഇതേ ആവശ്യം ഉന്നയിച്ച് ഇത് രണ്ടാം തവണയാണ് ജനകീയ കൂട്ടായ്മ കാളവണ്ടി സമരം നടത്തിയത്. വളക്കൈയിൽ നിന്ന് കൊയ്യത്തേക്ക് ആയിരുന്നു ആദ്യ സമരം. നടപടിയാകാത്തതിനെ തുടർന്നാണ് കണ്ണൂർ പിഡബ്ല്യുഡി ഓഫീസിലേക്ക് കാളവണ്ടിയുമായി എത്തിയത്.
കേരളപ്പിറവി ദിനത്തിൽ കണ്ണൂർ എകെജി ആശുപത്രി പരിസരത്തു നിന്നും പിഡബ്ല്യൂഡി ഓഫീസ് വരെയായിരുന്നു സമരം നടന്നത്. റോഡിന്റെ ടാറിങ് പൂർത്തിയാകുന്നതു വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി അറിയിച്ചു.
advertisement
സമീപത്തുള്ള എല്ലാ റോഡുകളും മെക്കാഡം ടാറിങ് നടത്തിയിട്ടും മയ്യിൽ റോഡ് മാത്രം അവഗണിക്കുന്നതെന്തിന് എന്ന ചോദ്യമാണ് സമരസമിതി മുന്നോട്ടുവെക്കുന്നത്. മന്ത്രി എം.വി.ഗോവിന്ദൻ, സജീവ് ജോസഫ് എംഎൽഎ എന്നിവരുടെ മണ്ഡലത്തിലൂടെയാണ് റോഡ് കടന്നു പോകുന്നത്. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിലെ വളക്കൈ സ്റ്റോപ്പിൽ നിന്ന് തുടങ്ങി മയ്യിൽ കണ്ടക്കൈ റോഡിലെ പെരുവങ്ങൂരിൽ അവസാനിക്കുന്നതാണ് ഈ റോഡ്.
Also Read-KSRTC Strike| കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളും ഓടുന്നില്ല
15 വർഷമായി നാട്ടുകാർ റോഡിനായി നാട്ടുകാർ അപേക്ഷയുമായി അധികൃതരുടെ മുന്നിൽ എത്തുകയാണ്. എന്നാൽ വാഗ്ദാനങ്ങൾ മാത്രം നൽകുകയല്ലാതെ റോഡ് എന്ന ആവശ്യം മാത്രം നടക്കുന്നില്ല. 201920 ബജറ്റിൽ 12 കോടി രൂപ അനുവദിക്കുകയും 10 ശതമാനം പ്രൊവിഷൻ ആയ 2.2 കോടി രൂപ മാറ്റിവെക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷം ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് എടുക്കുകയും ഭരണാനുമതിക്കായി സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരാവകാശ രേഖയിലൂടെ മനസ്സിലായത്. എന്നാൽ, സാങ്കേതിക പ്രശ്നം ഉന്നയിച്ച് നിരവധി തവണ സെക്രട്ടറിയേറ്റിൽ നിന്ന് ഫയൽ തിരിച്ചയക്കുകയായിരുന്നു.