കാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യവും സര്‍ക്കാര്‍ നാള്‍ക്കുനാള്‍ ഇവിടെ സജ്ജമാക്കുന്നു. അത്യാധുനിക രോഗനിര്‍ണയ, ചികിത്സാസൗകര്യങ്ങള്‍ എന്നിവയിലൂടെ എം സി സിയുടെ വിശ്വാസ്യത വര്‍ദ്ധിച്ചതോടെ ആശുപത്രിയെ ആശ്രയിച്ചെത്തുന്ന രോഗികളുടെ എണ്ണവും നാള്‍ക്കു നാള്‍ വര്‍ധിക്കുന്നു. ഒരുവര്‍ഷം പുതിയ 8000-ത്തോളം രോഗികള്‍ എത്തുന്നതായാണ് കണക്ക്. കാല്‍ലക്ഷത്തോളം പേര്‍ തുടര്‍ചികിത്സയ്ക്ക് എം സി സി യെ ആശ്രയിക്കുന്നു. 353 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ടിവിടെ. വികസന പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി 14 നില കെട്ടിടസമുച്ചയം പൂര്‍ത്തിയകുന്നതോടെ 750 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. നിലവില്‍ 16 ഡിപ്പാര്‍ട്ടുമെൻ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
advertisement
സര്‍ക്കാര്‍ മേഖലയില്‍ നിന്നായി കുട്ടികളിലെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്യുന്ന ഏക സ്ഥാപനമാണിത്. കുട്ടികളുടെ ചികിത്സയ്ക്കായി മാത്രം പ്രത്യേകം സജ്ജീകരിച്ച പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് ഉണ്ട്. 239 റോബോട്ടിക് സര്‍ജറി ഇതിനകം പൂര്‍ത്തിയാക്കി. പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെൻ്ററായി വളര്‍ന്ന എം സി സി യില്‍ പഠന ഗവേഷണങ്ങള്‍ പലതും നടത്തുന്നുണ്ട്. ഭാവിയിലെ കാന്‍സര്‍ ചികിത്സ എങ്ങനെയായിരിക്കണം എന്ന് നിശ്ചയിക്കുന്ന വിധത്തിലെ ഒരു ഓങ്കോളജി സര്‍വകലാശാലയായി മാറാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് മലബാര്‍ കാന്‍സര്‍ സെൻ്റര്‍ മുന്നോട്ട് പോകുന്നത്.
