കണ്ണൂര്‍ ജില്ലയിലെ കിഴക്ക് ദേശത്ത് മുഴക്കുന്ന് ഗ്രാമത്തിലാണ് അതിപുരാതനമായ മൃദംഗശൈലേശ്വരി ദേവീ ക്ഷേത്രം നിലകൊള്ളുന്നത്. ജീര്‍ണതയില്‍ തള്ളപ്പെട്ട ക്ഷേത്രം പിന്നീട് ഉയര്‍തെഴുന്നേല്‍ക്കുകയായിരുന്നു. നിസ്വാര്‍ഥമായ ഭക്തിയോടുകൂടി നെയ് വിളക്കേന്തി ദേവിക്ക് മുന്നില്‍നിന്ന് പ്രാര്‍ത്ഥിച്ചാല്‍ ഏത് കാര്യവും സാധിച്ചു കൊടുക്കുന്ന ശത്രുസംഹാര രൂപിണിയാണ് ശ്രീ മൃദംഗശൈലേശ്വരിദേവീ എന്നാണ് വിശ്വാസം. പരശുരാമനാല്‍ പ്രതിഷ്ഠിതമായ 108 ദുര്‍ഗാ ക്ഷേത്രങ്ങളില്‍ അതിമഹത്വം ഉദ്‌ഘോഷിക്കുന്നതാണ് ദേവി ക്ഷേത്രം. വാദ്യങ്ങളുടെ മാതാവായും ദേവവാദ്യമായും അറിയപ്പെടുന്ന മൃദംഗം അഥവാ മിഴാവ് ദേവലോകത്തുനിന്ന് പിറന്നുവീണ ശൈലമത്രേ മൃദംഗ ശൈലം. മൃദംഗരൂപത്തില്‍ മഹാദേവി സ്വയംഭൂവായ് ഉയര്‍ന്നുവന്നെന്നും ആ ചൈതന്യത്തെ ആവാഹിച്ച് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്നും സംഗീതരൂപിണിയായ ദേവിയുടെ നാദം മുഴങ്ങുന്ന കുന്നായതിനാല്‍ ഈ പ്രദേശം 'മുഴങ്ങിയകുന്ന്' എന്നും അത് ലോപിച്ച് മുഴക്കുന്നായെന്നും ഐതീഹ്യം.
advertisement
'കേരളസിംഹം' വീരകേരളവര്‍മ പഴശ്ശിരാജയുടെ കുലദേവതയായ ശ്രീപോര്‍ക്കലി. പുകള്‍പെറ്റ മൃദംഗശൈലേശ്വരി ദേവി സരസ്വതിയായും ലക്ഷ്മിയായും കാളിയായും ഭിന്നഭാവങ്ങളില്‍ കുടികൊള്ളുന്നു എന്ന ഐതീഹ്യവുമുണ്ട്. നാം ഏത് ഭാവത്തില്‍ പ്രാര്‍ഥിക്കുന്നുവോ ആ ഭാവത്തില്‍ നമ്മില്‍ പ്രസാദിക്കുമെന്നാണ് വിശ്വാസം. പുരളീരാജാക്കന്മാരുടെ കുലദേവതാക്ഷേത്രം എന്ന നിലയില്‍ കോകില സന്ദേശകാവ്യത്തിലും മറ്റും ഉദ്‌ഘോഷിക്കുന്ന ഈ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗുഹാക്ഷേത്രത്തില്‍ വെച്ച് യുദ്ധത്തിന് പോവുന്നതിനു മുന്നോടിയായി പുരളിരാജാക്കന്‍മാര്‍ ദേവിക്ക് ബലിതര്‍പ്പതണം നടത്തിയിരുന്നു. ഈ വേളയില്‍ ദേവി പോരില്‍ കലിതുള്ളുന്ന കാളിയായി, പോര്‍ക്കാളിയായി - പോര്‍ക്കലിയായി - ശ്രീ പോര്‍ക്കലിയായി എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞിരുന്നുവെന്ന് ഐതീഹ്യം പറയുന്നു. ദക്ഷിണഭാരതത്തിലെ എല്ലാ പോര്‍ക്കലീ ക്ഷേത്രങ്ങളുടെയും ആരുഢമാണിവിടം. ഇന്ന് ഈ ഗുഹാക്ഷേത്രം ഇല്ലെങ്കിലും പോര്‍ക്കലി ഭഗവതി മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ കുടികൊള്ളുന്നു. പഴശ്ശിരാജയോടുള്ള ആദര സൂചകമായി പഴശിരാജാവിൻ്റെ പൂര്‍ണകായ പ്രതിമയും ഇവിടെ നിര്‍മിച്ചിട്ടുണ്ട്.
കഥകളി കലാരൂപത്തിന് കോട്ടയം തമ്പുരാന്‍ ജന്മം നല്‍കിയത് ഈ ക്ഷേത്രസന്നിധിയില്‍ വെച്ചാണ്. കഥകളിയുടെ വന്ദനശ്ലോകത്തിലൂടെ സ്തുതിക്കപ്പെടുന്ന മൃദംഗശൈലേശ്വരി ദേവിയുടെ മഹത്വം ദേശവും വിളിച്ചോതുന്നു. കോട്ടയം തമ്പുരാന്‍ കഥകളിയിലെ വേഷവിധാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീവേഷം അദ്ദേഹത്തിന് വേണ്ടവിധം തോന്നായ്കയാല്‍ ഇവിടെ ധ്യാനനിരതനാവുകയും പിന്നീട് ക്ഷേത്രക്കുളത്തില്‍ ദേവി തന്നെ ആ രൂപം പ്രത്യക്ഷപ്പെടുത്തി കാണിച്ചുകൊടുത്തു എന്ന വിശ്വാസവും ഈ ക്ഷേത്രത്തിന് സ്വന്തമാണ്. കഥകളിയുടെ ഉറവിടമെന്നിരിക്കെ വര്‍ഷത്തില്‍ കഥകളി മഹോത്സവം അരങ്ങേറുന്നതിനായി സരസ്വതി മണ്ഡപവും നൃത്തത്തിലും സംഗീതത്തിലും അരങ്ങേറ്റം നടത്തുന്നതിനായി കോട്ടയത്തു തമ്പുരാന്‍ ഓഡിറ്റോറിയവും ഇവിടെ നിര്‍മിച്ചിട്ടുണ്ട്.
മുടക്കോഴിമലയുടെ താഴ്‌വാരത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രകൃതിഭംഗിയിലുള്ള മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം മലബാര്‍ ദേവസ്വം ഏറ്റെടുത്തതിന് ശേഷം ക്ഷേത്രം അതിൻ്റെ പഴമ നിലനിര്‍ത്തി പുതുക്കി പണിതു. മനോഹരമായ കരിങ്കല്‍ ഇരിപ്പിടങ്ങളും വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഉച്ചനേരങ്ങളില്‍ എല്ലാ ദിവസവും അന്നദാനവും നടത്തിവരുന്നു. വാഹനങ്ങളുമായി എത്തുന്നവര്‍ക്ക് വിശാലമായ പാര്‍ക്കിങ് സംവിധാനവും മലബാര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യസമര ചരിത്രവും വീര കേരള പഴശിരാജയുടെ ചരിത്രവും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അദ്ദേഹത്തിൻ്റെ തറവാട്ടു ക്ഷേത്രമായ മൃദംഗശൈലേശ്വരി ക്ഷേത്രം ഒഴിച്ചുകൂടാനാകാത്ത ഇടമാകും.