Wrodix
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ റൈഡിൻ്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങിന് വിസ്മയ അമ്യൂസ്‌മെൻ്റ് പാര്‍ക്ക് വൈസ് ചെയര്‍മാന്‍ കെ. സന്തോഷ് സ്വാഗതം പറഞ്ഞു. വിസ്മയ അമ്യൂസ്‌മെൻ്റ് പാര്‍ക്ക് ചെയര്‍മാന്‍ പി.വി. ഗോപിനാഥ് അധ്യക്ഷനായി. 2008ല്‍ പ്രവര്‍ത്തനം ആരംഭിച്ച വിസ്മയ പാര്‍ക്ക് 17 വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വ്യത്യസ്തമായ റൈഡുകള്‍ ഒരുക്കുന്നതിന് ശ്രമിക്കുകയാണ്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക അമ്യൂസ്‌മെൻ്റ് പാര്‍ക്കാണിത്. പുത്തന്‍ ഇറ്റാലിയന്‍ സാഹസിക റൈഡ് 'റോഡിക്സ്' ഇറ്റലിയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ധരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇന്‍സ്റ്റളേഷന്‍ പൂര്‍ത്തിയാക്കിയത്.
advertisement
പരിസ്ഥിതി സൗഹൃദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ നിലവില്‍ 55ലധികം റൈഡുകളുണ്ട്. എട്ട് കോടി ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയിലെ ജലം ഹൈടെക് രീതിയില്‍ ശുദ്ധീകരിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ റൈഡുകളും പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ 120 ജീവനക്കാരുണ്ടായിരുന്ന പാര്‍ക്കില്‍ ഇപ്പോള്‍ മുന്നൂറ് ജീവനക്കാരുണ്ട്. പ്രതിവര്‍ഷം രണ്ട് ലക്ഷം സന്ദര്‍ശകരാണ് പാര്‍ക്കിലെത്തുന്നത്. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്ക് പ്രത്യേക ഇവൻ്റുകളും ക്രമീകരിച്ചിരിക്കുന്നു.
