3 സെൻ്റ് മട്ടുപ്പാവിൽ സമൃദ്ധമായ പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുകയാണ് തളിപ്പറമ്പ് പാലക്കുളങ്ങരയിലെ അഡ്വക്കേറ്റ് മുഹമ്മദ്. 230 ഓളം വരുന്ന ഗ്രോ ബാഗുകളിലായാണ് മുഹമ്മദിൻ്റെ വൈവിധ്യമാർന്ന പച്ചക്കറി കൃഷി. പരിമിതമായ മൂന്നു സെൻ്റ് ഓപ്പൺ ടെറസാണ് മുഹമ്മദിനുള്ളത്. ഇവിടെ എങ്ങനെ പച്ചക്കറികൾ കൃഷി ചെയ്യാമെന്നതായിരുന്നു അഡ്വക്കേറ്റ് മുഹമ്മദിൻ്റെ ചിന്ത. അങ്ങനെ ജോലിത്തിരക്കുകൾക്കിടയിൽ കൃഷിക്കായി സമയം കണ്ടെത്തി 230 ഓളം ഗ്രോ ബാഗുകളിൽ പയർ, തക്കാളി, മുളക്, വെണ്ട, ക്യാബേജ്, വഴുതന തുടങ്ങി പത്തോളം ഇനങ്ങൾ കൃഷി ചെയ്തു.
advertisement
ഇതിനായി പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം കരിമ്പം ജില്ലാ കൃഷി ഫാം എന്നിവിടങ്ങളിൽ നിന്നാണ് വിത്തുകൾ സംഘടിപ്പിച്ചത്. കീട ശല്യമായിരുന്നു കൃഷിയിലെ പ്രധാന വെല്ലുവിളി. ഇവയെ ചെറുക്കാനായി വേപ്പെണ്ണ പോലുള്ള ജൈവ കീടനാശിനികൾ ഉപയോഗിച്ചു. വളമായി ഉപയോഗിക്കുന്നതാകട്ടെ അടുക്കള മാലിന്യവും ചപ്പുചവറും ചാണക വെള്ളവും. ഭാര്യ സൈനാബിയാണ് മട്ടുപ്പാവിലെ ജൈവ കൃഷിക്ക് മുഹമ്മദിൻ്റെ സഹായി. മനസ്സുവെച്ചാൽ മട്ടുപ്പാവിലും പൊന്നു വിളയിക്കാമെന്ന് തെളിയിക്കുകയാണ് മുഹമ്മദ്.