വിഷപ്പാമ്പുകളില്‍ ഏറ്റവും നീളം കൂടിയ രാജവെമ്പാലയും അവയ്ക്ക് വേണ്ട ആവാസവ്യവസ്ഥയും ഇവിടെ ഒരുക്കിയിരിക്കുന്നു. 50 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. പാമ്പുകളെക്കുറിച്ച് അവബോധം വളര്‍ത്താന്‍ വിഡിയോ പ്രദര്‍ശനവുമുണ്ട്. പാമ്പുകളുടെ പ്രത്യേകതകള്‍ വിദഗ്ധര്‍ നേരിട്ടു വിവരിച്ചു തരുന്ന സംവിധാനവും ഒരുക്കിയിരിക്കുന്നു. മുതല, മയില്‍, കാട്ടുപൂച്ച, മുളളന്‍പന്നി, ഉടുമ്പ്, ആമ, മരപ്പട്ടി, തൊപ്പിക്കുരങ്ങ്, എമു, കുറുനരി, കൃഷ്ണപ്പരുന്ത്, ദേശാടനക്കൊക്ക്, മീന്‍മൂങ്ങ, താറാവ്, അരയന്നം, പരുന്ത്, വെളളിമൂങ്ങ എന്നിവയൊക്കെയുള്ള ഒരു കൊച്ചു മൃഗശാലയാണിത്.
advertisement
ഔഷധച്ചെടികളും മരങ്ങളും എല്ലാം ചേര്‍ന്ന് മൂന്നേക്കറിലാണ് പാര്‍ക്ക്. 1982 ല്‍ പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിൻ്റെ കീഴിലാണ് സ്‌നേക്ക് പാര്‍ക്കിൻ്റെ ആരംഭം. ഒരു കാലത്ത് പാമ്പു കടിയേറ്റ രോഗികളോടൊപ്പം കടിച്ച പാമ്പിനെയും ആളുകള്‍ വിഷചികിത്സാ കേന്ദ്രത്തില്‍ എത്തിക്കാറുണ്ടായിരുന്നു. കടിച്ചത് ഏതു പാമ്പാണ് എന്നറിയാനായിരുന്നു ഇത്. ഇവയെ സംരക്ഷിക്കാനും പാമ്പുകളെക്കുറിച്ച് അവബോധം വളര്‍ത്തുവാനുമാണ് സ്‌നേക്ക് പാര്‍ക്ക് ആരംഭിച്ചത്. മൃഗശാല അതോറിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ പാര്‍ക്കിൻ്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായി. ഇന്ന് വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്നും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലും സ്‌നേക്ക് പാര്‍ക്ക് വിനോദ കേന്ദ്രമായിരിക്കുന്നു.
