കേളാലൂർ പുലരി ക്ലബ്ബിന് സമീപത്തെ എസ്.എസ്. സ്റ്റോറിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണം നടന്നത്. തന്ത്രപരമായ നീക്കത്തിലൂടെ ആണ് പോലീസ് പ്രതിയെ കുരുക്കിയത്. ചോദ്യംചെയ്തപ്പോൾ എറണാകുളത്തെ ഒരു കടയിൽ നിന്നും ഒന്നര ലക്ഷം രൂപ മോഷ്ടിച്ചത് ഉൾപ്പെടെയുള്ള കേസുകളിലെ പങ്ക് വ്യക്തമായി.
ആദ്യം എസ്.എസ്. സ്റ്റോറിൽ എത്തിയ മുഹമ്മദ് സാജിദ് കുറച്ചു സാധനങ്ങൾ വാങ്ങിച്ചു മടങ്ങിപ്പോയി. കടയും പരിസരവും നിരീക്ഷിക്കുകയായിരുന്നു ആദ്യം വരവിൻറെ ഉദ്ദേശം. പിന്നീട് രണ്ടാമത് മടങ്ങി എത്തി. മുട്ട വാങ്ങിക്കാൻ മറന്നുപോയി എന്ന് കടക്കാരനോട് പറഞ്ഞു. കടയുടമ നെല്യാടൻ ശ്രീധരൻ മുട്ട എടുക്കാനായി അകത്തേക്ക് പോയ തക്കം നോക്കി 60000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞു.
advertisement
പണം നഷ്ടപ്പെട്ട കാര്യം കുറച്ച് കഴിഞ്ഞാണ് കടയുടമയ്ക്ക് വ്യക്തമായത്. തുടർന്ന് വെള്ളിയാഴ്ച ഇയാൾ പിണറായി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ചുവന്ന കാറിൽ ഒരാൾ തന്റെ കടയിൽ വന്ന സാധനം വാങ്ങിച്ചതിനെ കുറിച്ച് ശ്രീധരൻ പോലീസിനോട് പറഞ്ഞു. പരിസരത്തുള്ള സി സി ടി വി ക്യാമറകൾ മുഴുവൻ പരിശോധിച്ച് പോലീസ് കാർ തിരിച്ചറിഞ്ഞു. കാർ ഉടമയെ തേടി തോട്ടടയിലെ എത്തി. സാധാരണ വേഷത്തിൽ പോലീസ് ഉദ്യോഗസ്ഥർ മുഹമ്മദ് സാജിദിനായി വീടിൻറെ പരിസരത്ത് കാത്തുനിന്നു .
Also Read-കണ്ണൂരിൽ വീടിനുള്ളിൽ വിമുക്ത ഭടൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
വൈകി വീട്ടിലെത്തിയ മുഹമ്മദ് സാജിദിനെ പോലീസ് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കാണിച്ചു കൊടുത്തതോടെ പ്രതി കുറ്റം സമ്മതിച്ചു.തൊണ്ടിമുതൽ കണ്ടെത്താനും പോലീസ് തന്ത്രപരമായാണ് ശ്രമം നടത്തിയത്. ഉടമയ്ക്ക് പരാതിയില്ലെന്നും പണം തിരിച്ചു നൽകി മാപ്പു പറഞ്ഞാൽ പ്രശ്നം അവസാനിക്കുമെന്നും പോലീസ് വ്യക്തമാക്കി. അത് വിശ്വസിച്ച് മുഹമ്മദ് സാജിദ് വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന 59,800 രൂപ അടങ്ങിയ ബാഗ് പോലീസിനെ ഏൽപ്പിച്ചു. തുടർന്ന് പ്രതിയെ സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തു. അപ്പോഴാണ് ഇയാൾ മറ്റ് മോഷണ കേസുകളിലും പ്രതിയാണ് എന്ന് വ്യക്തമായത്. മോഷണത്തിന് ഉപയോഗിച്ച് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി പിടിയിലായെങ്കിലും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്. മുഹമ്മദ് സാജിദിന് കൂടുതൽ കേസുകളിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പിണറായി എസ്.എച്ച്. ഒ. ഇ.കെ. രമ്യ, എസ്.ഐ. സി.പി. അബ്ദുൾ നസീർ, എ.എസ്.ഐ. ഇ.കെ. വിനോദ്, സി.പി.ഒ.മാരായ ഷിജു മാവിലക്കണ്ടി, രജീഷ് ഉച്ചുമ്മൽ, സച്ചിൻദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.