കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് റിസോർട്ട് വിവാദം പി ജയരാജൻ ആദ്യം ഉന്നയിച്ചത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്ന് ഇ പിയെ മാറ്റിയതിനു പിന്നാലേ ഇക്കാര്യം വീണ്ടും ഉയർത്തി. തെറ്റുതിരുത്തൽ രേഖ ചർച്ച ചെയ്യാൻ ചേർന്ന സംസ്ഥാന സമിതിയിലാണ് ഇ പിക്കെതിരേ പി ജയരാജൻ ആഞ്ഞടിച്ചത്. മുതിർന്ന നേതാവിന് എതിരേയുള്ള ആരോപണം എഴുതി നൽകാൻ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതോടെ പാർട്ടിയുമായി ഇ പി തെറ്റിനിന്ന അവസരം ഉപയോഗിക്കുകയായിരുന്നു പി ജയരാജൻ. എം വി ഗോവിന്ദന്റെ നിർദേശപ്രകാരമായിരുന്നു പി ജയരാജന്റെ നീക്കമെന്നും വിലയിരുത്തലുകളുണ്ടായി. സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടത് അനുസരിച്ച് പി ജയരാജൻ പരാതി എഴുതി നൽകി. അതിൽ എന്തു നടപടിയുണ്ടായെന്നാണ് ഇപ്പോഴത്തെ ചോദ്യം.
advertisement
എം വി ഗോവിന്ദന്റെ പേരെടുത്തു പറയാതെ ജോത്സ്യനെ സന്ദർശിച്ചതിൽ വിമർശനം ഉന്നയിച്ചതിനൊപ്പമായിരുന്നു ഇ പിക്കെതിരേയുള്ള പരാതിയിലും നടപടി എന്തായെന്ന ചോദ്യവും. വിവാദത്തിൽ ഇ പി നേരത്തേ പാർട്ടിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. തനിക്ക് റിസോർട്ടിൽ നിക്ഷേപമില്ല. ഭാര്യയുടെ പേരിലുള്ള ഓഹരി മകന് കൈമാറുകയായിരുന്നെന്നും ഇ പി ജയരാജൻ പാർട്ടിയെ അറിയിച്ചിരുന്നു. വിവാദം അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് പി ജയരാജൻ ഇത് വീണ്ടും കുത്തിപ്പൊക്കുന്നത്.