പലര്‍ക്കും പരിചിതമല്ലെങ്കിലും കണ്ണൂരിലും നാലമ്പല ദര്‍ശനം സാധ്യമാണ്. ജില്ലയിലെ നീര്‍വേലി, പെരിഞ്ചേരി, എളയാവൂര്‍, പായം എന്നിവിടങ്ങളാണ് നാലമ്പലം. ജില്ലയുടെ കിഴക്ക് ഭാഗത്താണ് നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം. കൂത്തുപറമ്പ് - ഇരിട്ടി റൂട്ടില്‍ നീര്‍വേലി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമൻ്റെ വനവാസക്കാലത്ത് സീതയെ മോഹിപ്പിക്കാനായി വേഷം മാറി സ്വര്‍ണ മാനായി വന്ന മാരീചനെ പിന്തുടര്‍ന്ന് കൊന്ന ഉഗ്രരൂപിയായ ശ്രീരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ.
കൂത്തുപറമ്പ് - മട്ടന്നൂര്‍ റോഡില്‍ ഉരുവച്ചാല്‍ ടൗണില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ മാറിയാണ് ലക്ഷ്മണ സങ്കല്‍പ്പത്തിലുള്ള പെരിഞ്ചേരി വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വര്‍ണ മാനായി വേഷം മാറി വന്ന മാരീചനെ തേടിപ്പോയ ശ്രീരാമന്‍ നീര്‍വേലിയിലും സീതയ്ക്ക് കാവല്‍ നില്‍ക്കുന്ന ലക്ഷ്മണന്‍ പെരിഞ്ചേരിയിലുമാണെന്നാണ് ഐതീഹ്യം.
advertisement
വടക്കന്‍ കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഏക ഭരതക്ഷേത്രമാണ് 'എളയാവൂര്‍ ഭരതക്ഷേത്രം'. താപസവേഷത്തില്‍ ജപമാലയുമായി രാജ്യം ഭരിച്ച ആത്മീയ ഭാവത്തിലുള്ള ഭരതനെയാണ് ഇവിടെ ആരാധിക്കുന്നത്. ശ്രീരാമന്‍ വനവാസത്തിനു പോയപ്പോള്‍ രാമപാദുകം പൂജിച്ച് നാടുഭരിച്ച ഭരതനാണ് എളയാവൂരിലെ പ്രതിഷ്ഠ. ശ്രീരാമന്‍ എങ്ങനെ വനത്തിലേക്ക് യാത്രയായോ, അതേ വേഷത്തില്‍ താപസ രൂപത്തിലാണ് ഭരതന്‍ ഇവിടെയുള്ളതെന്നാണ് വിശ്വാസം.
ഇരിട്ടി - പേരാവൂര്‍ റോഡില്‍ പയഞ്ചേരി ജബ്ബാര്‍ക്കടവ് പാലത്തില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ മാറിയാണ് പായം മഹാവിഷ്ണു ശത്രുഘ്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൃത്താകാരത്തിലുള്ള ശ്രീകോവിലാണ് ഇവിടുത്തെ പ്രത്യേകത. ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ശത്രുഘ്ന ക്ഷേത്രത്തിന്.
ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്ത ഭാവങ്ങളില്‍ ഭഗവാനെ ദര്‍ശിക്കാനാകുമെന്നാണ് വിശ്വാസം. ഉച്ചപൂജക്ക് മുന്‍പ് നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തണം, പകല്‍ ഉറങ്ങരുത്, ക്ഷേത്രത്തില്‍ നിന്നുള്ള ഭക്ഷണം കഴിക്കണം തുടങ്ങിയവയാണ് നാലമ്പല ദർശനത്തിലെ നിബന്ധന. കർക്കിടകം ഒന്ന് മുതല്‍ ആരംഭിച്ച നാലമ്പല ദര്‍ശനത്തിന് പതിനായിരങ്ങളാണ് എത്തിയത്.