ഇന്ന് വൈകിട്ട് നാലിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി ശിവദാസന്‍ എം പി, എം വിജിന്‍ എം എല്‍ എ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ കെ കെ രത്‌നകുമാരി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സിനിമ അര്‍ടിസ്റ്റ് ഉണ്ണിരാജ വിശിഷ്ടാതിഥിയായെത്തി.
കലാമേളയ്ക്കുള്ള രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച രാവിലെ തന്നെ ആരംഭിച്ചിരുന്നു. മാലിന്യ നിയന്ത്രണത്തിനും ശുചിത്വത്തിനും മുന്‍ഗണന നല്‍കി ഹരിത കലോത്സവമാണ് പയ്യന്നൂരില്‍ ഒരുക്കുന്നത്. നിയമ പാലനത്തിനും കാര്യക്ഷമമായി കലോത്സവം ആഘോഷമാക്കാനും 600 വോളൻ്റിയര്‍മാര്‍ നിലയുറപ്പിക്കും. യൂണിഫോമില്ലാതെ വിവിധ പോലീസ് വിഭാഗങ്ങള്‍ കലോത്സവ നഗരിയില്‍ ജാഗരൂഗരാകും. പയ്യന്നൂര്‍ കെ യു ദാമോദര പൊതുവാളിൻ്റെ നേതൃത്വത്തില്‍ അഞ്ച് ദിവസവും വിഭവസമൃദ്ധമായ ഭക്ഷണത്തിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. 750 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഊട്ടുപ്പുര തയ്യാറാക്കിയിരിക്കുന്നത്. ഊട്ടുപുരയുടെ പാലുകാച്ചലിനും കെ യു ദാമോദര പൊതുവാള്‍ നേതൃത്വം നല്‍കി. രാവിലെയും ഉച്ചക്കും രാത്രിയിലും ഊട്ടുപുരയില്‍ ഭക്ഷണമുണ്ടാകും.
advertisement
അഞ്ച് നാളത്തെ കലോത്സവത്തിന് ഊട്ടുപ്പുര ഒരുങ്ങി
പയ്യന്നൂർ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്റ്റെപ്സിൻ്റെ ഭാഗമായി ടി ഐ മധുസൂദനന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ പ്രവേശന കവാടത്തില്‍ ഇന്‍ഫര്‍മേഷന്‍ ഹെല്‍പ്പ് ഡസ്‌ക് ഒരുങ്ങിയിട്ടുണ്ട്. കലോത്സവ വേദികള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍, പവലിയനുകള്‍, പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍, ഭക്ഷണ കേന്ദ്രം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും.
കലോത്സവ വേദികള്‍ക്ക് ചുറ്റുപാടുമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെക്കുറിച്ചും വിനോദസഞ്ചാര സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഹെല്‍പ്പ് ഡസ്‌കില്‍ ലഭ്യമാക്കിയിട്ടുണ്ട്. പയ്യന്നൂര്‍ ചരിത്രത്തിൻ്റെ സുപ്രധാന സംഭവങ്ങള്‍ സമ്മാനിച്ച ഗാന്ധി സ്മൃതി മ്യൂസിയം, നവോത്ഥാന നായകന്‍ സ്വാമി ആനന്ദതീര്‍ഥന്‍ നിര്‍മിച്ച ശ്രീനാരായണ വിദ്യാലയം, ഗാന്ധിജി നട്ട ഗാന്ധിമാവ്, ഗാന്ധി പാര്‍ക്ക്, ഉപ്പുസത്യാഗ്രഹം നടന്ന ഉളിയത്ത് കടവ്, ക്വിറ്റിന്ത്യ സമര സ്മാരകം, കവ്വായിക്കായല്‍, സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം എന്നിവയിലേക്കുള്ള വഴികളും പ്രധാന വിവരങ്ങളും ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ പതിപിച്ചിട്ടുണ്ട്.
കലോത്സവത്തിന് ശനിയാഴ്ച വൈകിട്ട് സമാപനമാകും. നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ സുധാകരന്‍ എം പി, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, കെ കെ ശൈലജ എം എല്‍ എ, ജില്ല കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവര്‍ പങ്കെടുക്കും. ചരിത്രമുറങ്ങുന്ന പയ്യന്നൂരിൻ്റെ മണ്ണില്‍ കലാ മാമാങ്കതിതൻ്റെ ഒരുക്കങ്ങള്‍ ഗംഭീരമാക്കാന്‍ സംഘാടകര്‍ ഒരുങ്ങി കഴിഞ്ഞു.